തമിഴ് ചിത്രം ബ്ലഡ് മണിയുടെ തിരക്കഥാകൃത്ത് പാണക്കാട് സന്ദര്‍ശിച്ചു
മലപ്പുറം: പാണക്കാട് കുടുംബത്തിന്റെ മാതൃകാപ്രവര്‍ത്തനങ്ങള്‍ എടുത്തുപറയുന്ന തമിഴ് ചിത്രം ബ്ലഡ് മണിയുടെ തിരക്കഥാകൃത്ത് പാണക്കാട് കുടുംബത്തെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് തിരക്കഥാകൃത്ത് നബില്‍ അഹമ്മദ് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തിയത്. കുവൈറ്റ് ജയിലില്‍ വധശിക്ഷ കാത്തുകിടന്ന തമിഴ്‌നാട് സ്വദേശി അത്തി മുത്തുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടല്‍ ആസ്പദമാക്കി ഒരുക്കിയ ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
പാണക്കാട് കുടുംബത്തിന്റെ മാതൃകാപ്രവര്‍ത്തനങ്ങളും ചിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ചിത്രം ഇറങ്ങി നിമിഷനേരം കൊണ്ടു തന്നെ ഈ ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് നബീല്‍ അഹമ്മദ് പാണക്കാട്ട് സന്ദര്‍ശനം നടത്തിയത്. തമിഴ് ജനതയുടെ ആദരവും നന്ദിയും അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് നബീല്‍ മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇത്തരത്തിലൊരു ചിത്രം പുറത്തു വന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ധാരാളം സംഭവങ്ങള്‍ പാണക്കാട് കുടുംബത്തില്‍ നടക്കുന്നുണ്ട്. അതില്‍ ഒന്നു മാത്രമാണ് സിനിമയായി പുറത്തുവന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചിത്രം
പുറത്തുവന്നതില്‍ വളരെയധികം അഭിമാനമുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പ്രതികരിച്ചു.