പ്രതിഫലത്തില്‍ നിന്ന് രണ്ടു ലക്ഷം; മിമിക്രി കലാകാരന്മാര്‍ക്ക് കൈത്താങ്ങ്; വാക്കുപാലിച്ച് സുരേഷ് ഗോപി
മിമിക്രി കലാകരന്മാരുടെ സംഘടനയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് സുരേഷ് ഗോപി എംപി. കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ചത്. താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിനും രണ്ടു ലക്ഷം മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക്(MAA) നല്‍കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ ഉറപ്പ്.
പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ അതില്‍ നിന്നും രണ്ടു ലക്ഷം രൂപ സംഘടനയ്ക്ക് കൈമാറിയാണ് അദ്ദേഹം വാക്കുപാലിച്ചത്. രമേഷ് പിഷാരടിയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും,സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയില്‍ എന്റെ വ്യക്തിപരമായ പേരിലും നന്ദി അറിയിക്കുന്നതായി രമേഷ് പിഷാരടി കുറിച്ചു.