ഇന്നുമുതൽ രാത്രികാല നിയന്ത്രണം; പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം വ്യാഴാഴ്ച നിലവിൽവരും. ജനുവരി രണ്ടുവരെ രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണം.

ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതൽ രാവിലെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
കടകൾ രാത്രി 10-ന് അടയ്ക്കണം. അനാവശ്യ യാത്രകൾ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. പുതുവത്സരാഘോഷങ്ങളും രാത്രി പത്തിനുശേഷം അനുവദിക്കില്ല. ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.