പി.വി. അൻവർ എം.എൽ.എ. മിച്ചഭൂമി കേസിൽ ഹാജരായില്ല; സുവോമോട്ടോ നടപടിയുണ്ടാകുമെന്ന് റവന്യൂ വകുപ്പ്]

കോഴിക്കോട്: ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് സ്വന്തമാക്കിയ അധികഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകളുമായി താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നൽകിയിട്ടും പി.വി. അൻവർ (P.V. Anvar) എം.എൽ.എ. എത്തിയില്ല.

അൻവറിന്റെയും കുടുംബത്തിന്റെയും പേരിലുള്ള മുഴുവന്‍ ഭൂമിയുടെയും രേഖകള്‍ സഹിതം രാവിലെ 11ന് കോഴിക്കോട് കളക്ടറേറ്റില്‍ താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാനായ എല്‍.എ. ഡെപ്യൂട്ടി കളക്ടര്‍ മുമ്പാകെ ഹാജരാകാനായിരുന്നു നോട്ടീസ്. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി. അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന കഴിഞ്ഞ മാര്‍ച്ച് 24ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ താമരശ്ശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ കോഴിക്കോട് എല്‍.എ. ഡെപ്യൂട്ടി കളക്ടര്‍ പി. അന്‍വര്‍ സാദത്ത്, താമരശേരി താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ (എല്‍.ആര്‍.) കെ. ബലരാജന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി അലക്ഷ്യഹര്‍ജി വന്നപ്പോഴാണ് എം.എല്‍.എക്ക് നോട്ടീസ് അയക്കാനെങ്കിലും ലാന്റ് ബോര്‍ഡ് തയ്യാറായത്.

രാവിലെ 12ന് രേഖകള്‍ സഹിതം ഹാജരാകാന്‍ ആവശ്യപ്പെട്ടതനുസരിച്ച് പരാതിക്കാരനെത്തി. മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോര്‍ഡിനേറ്റര്‍ കെ.വി. ഷാജിയാണ് ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി. അന്‍വര്‍ എം.എല്‍.എയും കുടുംബവും സ്വന്തമാക്കിയ അധികഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കൂടുതല്‍ സാവകാശം തേടിയുള്ള താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്റെ സത്യവാങ്മൂലം തള്ളി നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു.

മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി. അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശംവെക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഭൂപരിഷ്‌ക്കരണ നിയമം 1963 സെക്ഷന്‍ 87 (1) പ്രകാരം അന്‍വറിനെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവും നല്‍കി. എന്നാല്‍ ഉത്തരവിറങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും എം.എല്‍.എക്കെതിരെ കേസെടുത്തില്ല.

നിയമസഭ പാസാക്കിയ ഭൂപരിഷ്‌ക്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ പരമാവധി കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. എന്നാല്‍ 2011ല്‍ ഏറനാട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ 228.45 ഏക്കര്‍ ഭൂമി കൈവശം വെക്കുന്നതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയത്.

2014ല്‍ വയനാട്ടില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ ഇത് 206.96 ഏക്കറും 2016ല്‍ സി.പി.എം സ്വതന്ത്രനായി നിലമ്പൂരില്‍ നിന്നും മത്സരിച്ചപ്പോള്‍ 207.84 ഏക്കര്‍ ഭൂമിയുമായി മാറി. അന്‍വര്‍ എം.എല്‍.എയുടെ അധികഭൂമി തിരിച്ചുപിടിക്കാത്തതിന് ലാന്റ് ബോര്‍ഡ് ചെയര്‍മാനെതിരായ കോടതി അലക്ഷ്യക്കേസ് ജനുവരി നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് എം.എല്‍.എയോട് ഭൂമി രേഖകളുമായി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്.

അൻവറിന്റെ അഭിഭാഷകൻ എത്തുമെന്ന് വിവരം ലഭിച്ചെങ്കിലും അദ്ദേഹവുമെത്തിയില്ല. സുവോമോട്ടോ പ്രകാരം കേസെടുക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്ന് താമരശ്ശേരി ലാൻഡ്ബോർഡ് ചെയർമാൻ അൻവർ സാദത്ത് പറഞ്ഞു.