Fincat

കാലിക്കറ്റ് സർവകലാശാലയിൽ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷക്ക് പരമാവധി ഫീസ് 15,000 രൂപയായി നിജപ്പെടുത്തി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾക്കുള്ള പരമാവധി ഫീസ് 15,000 രൂപയായി നിജപ്പെടുത്തി. നിരവധി വിദ്യാർഥികൾക്ക് സഹായമാകുന്ന തീരുമാനം കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിലാണ് കൈക്കൊണ്ടത്. പരീക്ഷാ അവസരങ്ങളെല്ലാം അവസാനിച്ച ബിരുദ പി ജി വിദ്യാർഥികൾക്ക് പ്രത്യേകമായി നൽകുന്ന അവസരമാണ് ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷ.

പേപ്പർ ഒന്നിന് 2,760 രൂപ വീതം അഞ്ച് പേപ്പറുകൾ വരെയും തുടർന്നുള്ള ഓരോ പേപ്പറിനും ആയിരം രൂപ വീതവുമാണ് നിലവിലെ ഫീസ്. ബി ടെക്, എൽ എൽ ബി ഉൾപ്പെടെ കൂടുതൽ സെമസ്റ്ററുകളും പേപ്പറുകളുമുള്ള കോഴ്സുകളിൽ പത്തോ അതിലധികമോ പരീക്ഷകൾ എഴുതിയെടുക്കേണ്ട നിരവധി വിദ്യാർഥികളുണ്ട്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ബിരുദ നേട്ടത്തിന് സഹായമേകാനാണ് സിൻഡിക്കേറ്റ് അനുകൂല തീരുമാനമെടുത്തതെന്ന് വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് പറഞ്ഞു.

2nd paragraph

നിലവിൽ ബി.കോമിനാണ് ഏറ്റവും കൂടുതൽ പേപ്പർ സപ്ലിമെന്ററിക്ക് അപേക്ഷിക്കുന്നത്. ബിരുദ വിദ്യാർഥികളുടെ പാർട്ട് ഒന്ന് ഇംഗ്ലീഷ് പേപ്പറിനും അപേക്ഷകർ ധാരാളമുണ്ട്. തീരുമാനം നടപ്പാകുന്നതോടെ അഞ്ച് പേപ്പറിൽ കൂടുതൽ എഴുതുന്നവർക്കെല്ലാം വലിയ ആശ്വാസമാകും. 1995-ൽ അവസാനവർഷ പരീക്ഷ എഴുതിയവരെയാണ് ഇപ്പോൾ ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്ററിക്ക് പരിഗണിക്കുന്നത്. ഓരോ കോഴ്സിന്റെയും പരീക്ഷകൾക്ക് സർവകലാശാല പ്രത്യേകമായി തന്നെ വിജ്ഞാപനമിറക്കും.