പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനായി പോയ ഫൈബർ വള്ളം ഇതുവരെ തിരിച്ചെത്തിയില്ല

പൊന്നാനി : ഹാർബറിൽനിന്ന് വെള്ളിയാഴ്ച മീൻപിടിക്കാൻപോയ ചെറുവള്ളം കാണാതായി. പൊന്നാനി മീൻതെരുവ് സ്വദേശി കളരിക്കൽ ഷഫീഖിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് കാണാതായത്. സാധാരണ ഒരുദിവസം കഴിഞ്ഞാൽ തിരിച്ചെത്താറുള്ളതാണ്.

വള്ളമുടമ ഷഫീഖ്, മീൻതെരുവ് സ്വദേശി ബദറു, മരക്കടവ് സ്വദേശി ജമാൽ, തമിഴ്‌നാട് സ്വദേശി ശെൽവരാജ് എന്നിവരാണ് വള്ളത്തിലുള്ളത്. ശനിയാഴ്ച രാവിലെ തിരിച്ചെത്തേണ്ട വള്ളം സമയമായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ഉച്ചയോടെ ബന്ധുക്കൾ ഫിഷറീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ ഫിഷറീസും തീരദേശ പോലീസുംചേർന്ന് ഫിഷറീസ് ബോട്ടിൽ തിരച്ചിൽതുടങ്ങി. പൊന്നാനി മുതൽ ബേപ്പൂർവരെയുള്ള മേഖല കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. മറ്റു മത്സ്യബന്ധനയാനങ്ങളേയും വിവരമറിയിച്ച് ഇവരും തിരച്ചിലിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചെറിയ വള്ളമായതിനാൽ ഒറ്റദിവസത്തേക്കുള്ള ഇന്ധനവും ഭക്ഷ്യവസ്തുക്കളും മാത്രമാണ് വള്ളത്തിലുള്ളത്. എൻജിൻ തകരാറോ ഇന്ധനം തീർന്നതോ ആണെന്ന സംശയവുമുണ്ട്. മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കും വള്ളം കാണാതായ വിവരംകൈമാറി.രാത്രിയോടെ നിർത്തിവെച്ച തിരച്ചിൽ ഞായറാഴ്ച പുനരാരംഭിക്കും.

പ്രസ്തുത ഫൈബർ വള്ളത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊന്നാനി കോസ്റ്റൽ പോലീസുമായോ, ഫിഷറീസ് വകുപ്പുമായോ ബന്ധപ്പെടണമെന്ന് കോസ്റ്റൽ പോലീസ് അറിയിച്ചു. കോസ്റ്റൽ പോലീസുമായി ബന്ധപ്പെടേണ്ട നമ്പർ: 0494 2666 989