കേന്ദ്ര സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിയണം
വേങ്ങര: കേന്ദ്രത്തില്‍ നല്ല ഭരണം കാഴ്ച വെക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറച്ചു വെക്കാനും ഫാഷിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കാനും വേണ്ടി മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു വെറുപ്പിന്റെ വിഷ വിത്തുകള്‍ പാകുന്ന കറുത്ത ശക്തികളില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചെടുക്കേണ്ട ബാദ്ധ്യത നിറവേറ്റാന്‍ മതേതര പാര്‍ട്ടികളും പൊതു സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ജനതാദള്‍ (എസ്) പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. പി എം സഫറുള്ള ആഹ്വാനം ചെയ്തു. വരും തലമുറകള്‍ക്ക് നെഞ്ചുറപ്പോടെ പൗര സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റി ജീവിക്കാന്‍ കഴിയണമെങ്കില്‍ രാജ്യത്ത് ഛിദ്രതയും ജനങ്ങള്‍ക്ക് കൊടിയ ദുരിതങ്ങളും സമ്മാനിച്ച ബി ജെ പി ഭരണത്തിന് അന്ത്യം കുറിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ജനാധിപത്യം തിരിച്ചു ചോദിക്കുന്നു എന്ന പ്രമേയത്തില്‍ യുവ ജനതാദള്‍ (എസ് ) കൊളപ്പുറത്ത് സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനതാദള്‍ (എസ് ) ജില്ലാ പ്രസിഡന്റ് ജാഫര്‍ മാറാക്കര അദ്ധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി മുഖ്യ പ്രഭാഷണം നടത്തി.
കെ വി ബാല സുബ്രഹ്മണ്യന്‍, കെ കെ ഫൈസല്‍ തങ്ങള്‍, സല്‍മ പള്ളിയാളി, പി എച്ച് ഫൈസല്‍, കെ സി നാസര്‍, എഞ്ചിനിയര്‍ ടി മൊയ്തീന്‍കുട്ടി, മന്‍സൂര്‍ പി പി , മുസ്തഫ തിരൂരങ്ങാടി സംസാരിച്ചു. ടി കെ സമദ് സ്വാഗതവും ഹനീഫ പാറയില്‍ നന്ദിയും പറഞ്ഞു.