സൗദിയിൽ ഗതാഗത മേഖലയിൽ 45,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും -മന്ത്രി
ജിദ്ദ: ഗതാഗത മേഖലയിൽ 45,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സൗദി ഗതാഗത- ലോജിസ്റ്റിക് മന്ത്രി സ്വാലിഹ് അൽജാസർ പറഞ്ഞു. രാജ്യത്തെ ഗതാഗത-ലോജിസ്റ്റിക് സംവിധാനത്തിലേക്കുള്ള ആദ്യ വെർച്വൽ റിക്രൂട്ട്മെൻറ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ മേൽനോട്ടത്തിൽ മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച ഗതാഗത-ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ പ്രധാന ലക്ഷ്യം തൊഴിലവസരങ്ങൾ സൃഷ്ടിക്കലും സ്വദേശിവത്കരണവുമാണ്. തൊഴിൽ അപേക്ഷകരും തൊഴിലന്വേഷകരും തമ്മിൽ ആശയവിനിമയം സൃഷ്ടിക്കുകയാണ് റിക്രൂട്ട്മെൻറ് മേളയിലൂടെ ലക്ഷ്യമിടുന്നത്. അതിൽ അയ്യായിരത്തിലധികം തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗതാഗത മേഖലയിൽ 45,000 തൊഴിലവസരങ്ങൾ നൽകുന്നതിന് ചേംബർ ഓഫ് കോമേഴ്സിന് പുറമെ ഗതാഗത-മാനവ വിഭവ ശേഷി മന്ത്രാലയവും ‘ഹദഫ്’ ഫണ്ടും തമ്മിൽ നേരിട്ടുള്ള സംരംഭമുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ സംരംഭ ലക്ഷ്യം പൂർത്തിയാകും. ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് സ്വദേശി തൊഴിലന്വേഷകർക്ക് ആവശ്യമായ പരിശീലനം നൽകാൻ ലോജിസ്റ്റിക് അക്കാദമി കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. റെയിൽവേ ജോലികൾക്കായുള്ള ‘സർബ്’ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ അതിലുണ്ട്. ട്രെയിൻ ഓടിക്കാൻ സ്ത്രീകൾക്ക് അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗതാഗത-ലോജിസ്റ്റിക് സംവിധാനത്തിനായുള്ള ആദ്യ വെർച്വൽ റിക്രൂട്ട്മെൻറ് മേളയിൽ ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന 60 കമ്പനികൾ പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.