മുഖ്യമന്ത്രിക്ക് പിടിവാശി; വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി, സിൽവർ ലൈനിന് കേന്ദ്രാനുമതി ലഭിക്കില്ലെന്ന് ഇ ശ്രീധരൻ
പൊന്നാനി: സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഇ ശ്രീധരൻ. പരിസ്ഥിതിക്ക് അനുകൂലമല്ലാത്ത എല്ലാ പദ്ധതിയെയും താൻ എതിർക്കുമെന്നും പ്രത്യാഘാതം മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബ്യൂറോക്രസി പരാജയമാണ്. കെ റെയിലിൽ മുഖ്യമന്ത്രി കാണിക്കുന്നത് പിടിവാശിയാണ്. പൊലീസിനെ കൊണ്ട് ചെയ്യിപ്പിക്കേണ്ട ജോലിയല്ല അവരെ കൊണ്ട് ഇപ്പോൾ ചെയ്യിപ്പിക്കുന്നത്. കല്ലിടീപ്പിക്കുക, ഇട്ട കല്ല് സംരക്ഷിക്കുക ഇതാണോ പൊലീസിന്റെ ജോലി? പൊലീസിന്റെ തലപ്പത്ത് നല്ല നല്ല ആളുകളുണ്ടെങ്കിൽ ഇതൊന്നും നടക്കില്ല. മുഖ്യമന്ത്രിക്ക് വഴങ്ങുന്ന ആളിനെ പിടിച്ച് ഡിജിപി ആക്കിയതിന്റെ പ്രശ്‌നമാണ്. 530 കി മീറ്ററിൽ എല്ലാ ദിക്കിലും പൊലീസിനെ നിറുത്തുന്നത് ശരിയല്ല.
അതുപോലെ പദ്ധതിയുടെ ഡിപിആർ പുറത്തു വിടാത്തത് ദുരൂഹമാണ്. കോസ്റ്റ് എസ്റ്റിമേറ്റ് കുറച്ചാണ് കാണിച്ചിരിക്കുന്നത്. അതിനും ഒരുപാട് മുകളിലാണ് ചെലവ് വരിക. ഡിപിആർ ഒളിച്ചുവയ്‌ക്കേണ്ടതല്ല. അത് എല്ലാവരും കാണേണ്ട ഡോക്യുമെന്റാണെന്നും അദ്ദേഹം പറഞ്ഞു.
വികസന പദ്ധതികളിൽ ധൃതി കാണിക്കാൻ പാടില്ല. കേരളത്തിന് ഇപ്പോൾ ഇത്രയും വലിയ പണം കണ്ടെത്താൻ കഴിയുന്ന സാഹചര്യമല്ലയുള്ളത്. 64000 കോടി രൂപയാണ് ചെലവ് പറയുന്നത്, പക്ഷേ, ഒരു ലക്ഷം കോടിക്ക് മേൽ ചെലവ് പോകും. അഞ്ചു വർഷം കൊണ്ട് തീരും എന്നു പറയുന്നത് 15 വർഷം കൊണ്ടേ തീരൂ. നാടിന്റെ ആവശ്യമല്ല മുഖ്യമന്ത്രി പരിഗണിക്കുന്നത്.
കേരളത്തിന് ആവശ്യം ആകാശപാതയാണ്. നിലത്ത് കൂടെയുള്ള അതിവേഗ പാത കേരളത്തിന് അനുയോജ്യമല്ല. സിപിഎമ്മിൽ തന്നെ പലർക്കും എതിർപ്പുണ്ട്. പദ്ധതിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. കേന്ദ്രം അനുമതി നൽകുമെന്ന് തോന്നുന്നില്ല. റെയിൽവേയുടെ അനുമതിയില്ലാതെ പദ്ധതി നടപ്പിലാക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.