എടിഎം നിറയ്ക്കാനുള്ള കോടികൾ തട്ടിയ പ്രതികൾ ചില്ലറക്കാരല്ലെന്ന് മലപ്പുറം പൊലീസ് കോടതിയിൽ
മലപ്പുറം: വിവിധ എ.ടി.എം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച 1.59 കോടിരൂപ തട്ടിയെടുത്തുവെന്ന കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന പ്രതിയുടെ പേരിൽ മലപ്പുറം പൊലീസിൽ 13 കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിച്ചു.
വേങ്ങര നെടുംപറമ്പ് നെല്ലാട്ടുതൊടി വീട്ടിൽ ഷിബു (31)ന്റെ പേരിലാണ് സമാനമായ കേസുകൾ നിലവിലുള്ളത്. എടിഎം കറൻസി തട്ടിയ കേസിൽ നാലു പ്രതികളാണുള്ളത്. കോഴിക്കോട് പ്രവർത്തിക്കുന്ന സിഎംഎസ് ഇൻഫൊ സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്പനി മലപ്പുറം ജില്ലയിലെ വിവിധ ബാങ്കുകളുടെ എടിഎമ്മുകൾ കറൻസി ഫില്ലിംഗിനായി കരാർ ഏറ്റെടുത്തിരുന്നു. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് പ്രതികൾ. മലപ്പുറം ജില്ലയിലെ എസ്‌ബിഐ, എസ്‌ഐബി, ഐഡിബിഐ, ഐസിഐസിഐ, ആക്‌സിസ്, കനറാ, ബിഒബി, ബി ഒ ഐ തുടങ്ങിയ ബാങ്കുകളുടെ എടിഎം കൗണ്ടറുകളിൽ നിറയ്ക്കുവാനായി 2021 ജൂൺ രണ്ടിനും നവംബർ 21നുമായി ഏല്പിച്ച കറൻസികളിൽ നിന്നും 1,59,82,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. നവംബർ 25നാണ് പ്രതി അറസ്റ്റിലായത്.
വിവിധ എ.ടി.എം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച ഒരു കോടി അമ്പത്തിയൊമ്പത് ലക്ഷത്തി എൺപത്തി രണ്ടായിരം രൂപയാണ് ഇവർ തട്ടിയെടുത്തതായാണ് പരാതി. മുസ്ലിം ലീഗ് പ്രാദേശിക നേതാവും ഊരകം ഗ്രാമ പഞ്ചായത്ത് അംഗവുമായ ഷിബു.എൻ.ടി, കോട്ടക്കൽ ചട്ടിപ്പറമ്പ് സ്വദേശി ശശിധരൻ.എംപി, അരീക്കോട് ഇളയൂർ സ്വദേശി കൃഷ്ണരാജ്, മഞ്ചേരി മുള്ളമ്പാറ സ്വദേശി മഹിത്.എം ടി എന്നിവരാണ് ഒരേ സമയം അറസ്റ്റിലായത്. ഷിബു ഊരകം പഞ്ചായത്ത് ഒന്നാം വാർഡ് അംഗവും മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും ആണ്. എസ്‌ബിഐ, ഐസിഐസിഐ,ഐ ഡി ബി ഐ , സൗത്ത് ഇന്ത്യൻ ബാങ്ക് , ആക്സിസ് , കാനറ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ സ്ഥാപനങ്ങളുടെവിവിധ എ.ടി.എം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ കരാർ എടുത്ത കമ്പനി ആണ് സി എം എസ് ഇൻഫോ സിസ്റ്റംസ്. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് നാല് പേരും. മലപ്പുറം ജില്ലയിലെ വിവിധ എ ടി എമ്മുകളിൽ നിക്ഷേപിക്കാൻ ഈ കരാർ കമ്പനി ഏൽപ്പിച്ച 1,59,82,000 രൂപയാണ് ആറ് മാസത്തിനിടെ ഇവർ തട്ടിയെടുത്തത്.
മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിലെ എ ടി എമ്മുകളിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച പണമാണ് ഇവർ തട്ടിയെടുത്തത്. എ.ടി.എമ്മുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ആണ് പണം നഷ്ടമായത് ഏജൻസി മനസ്സിലാക്കിയത്. തുടർന്ന് ബ്രാഞ്ച് മാനേജർ മലപ്പുറം എസ് പി ക്ക് പരാതി നൽകി.
എ.ടി.എമ്മിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ച അത്ര പണം ഇവർ നിക്ഷേപിക്കുക ഇല്ല. പകരം പണം നിറച്ചു എന്ന റിപ്പോർട്ട് തയ്യാറാക്കും. ഇത്തരത്തിൽ ആണ് പണം ഇവർ തട്ടിയെടുത്തിരുന്നത്. കമ്പനി പരിശോധന നടത്തും എന്ന നിർദ്ദേശം ലഭിക്കുന്ന സമയത്ത് എടിഎമ്മുകളിൽ കൃത്യം പണം നിറച്ച് ഇവർ തട്ടിപ്പ് പുറത്താകാതെ നോക്കിയിരുന്നു. എ.ടി.എമ്മിൽ നിർദ്ദേശിക്കുന്ന അത്ര പണം നിക്ഷേപിക്കുന്നു എന്ന വ്യാജ റിപ്പോർട്ട് ഏജൻസി വിശ്വാസത്തിൽ എടുത്തിരുന്നു. എ.ടി.എമ്മിൽ നിന്ന് എടുക്കുന്ന പണത്തിന്റെ കണക്ക് മാത്രമാണ് ഏജൻസിക്ക് നേരിട്ട് പരിശോധിക്കാൻ കഴിഞ്ഞിരുന്നത്.
ഇടക്ക് നടത്തിയ മിന്നൽ പരിശോധനയിൽ ആണ് തട്ടിപ്പ് പുറത്തായത്. ഒന്ന് രണ്ട് മെഷീനുകളിൽ നിർദ്ദേശിച്ച കണക്കിൽ പണം നിറച്ചിട്ടില്ല എന്ന് കണ്ടെത്തിയ ഏജൻസി മലപ്പുറം എസ്‌പിക്ക് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പേരും പിടിയിൽ ആയത്. ജൂൺ രണ്ടിനും നവംബർ 20 നും ഇടയിൽ ആണ് തട്ടിപ്പ് നടത്തിയത്. മലപ്പുറം ജില്ലയിൽ 13 എ ടി എം മെഷീനുകളിൽ ഇവർ തട്ടിപ്പ് നടത്തിയിരുന്നു എന്ന് പൊലീസ് പറഞ്ഞു.
മഹിത് 78 ലക്ഷം രൂപയും, ഷിബു 70 ലക്ഷം രൂപയും തട്ടിയെടുത്തു എന്ന് ആണ് കണ്ടെത്തിയത്. ശശിധരൻ 07 ലക്ഷം രൂപയും കൃഷ്ണരാജ് 05 ലക്ഷം രൂപയും ആണ് തട്ടിയെടുത്തത്. പൊലീസ് പറഞ്ഞു. പ്രതികൾക്ക് എതിരെ സാമ്പത്തിക തട്ടിപ്പ്, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ആണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്ക് എതിരെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിൽ പരാതി വരാനും സാധ്യത ഉണ്ട്.