മത്സ്യത്തൊഴിലാളി-അനുബന്ധ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യം ഉറപ്പാക്കാന്‍ രണ്ടാംഘട്ട അദാലത്ത്
മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതി ക്ലെയിം സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ജനുവരി 15ന് കോഴിക്കോട് സമുദ്ര കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തില്‍ രണ്ടാം ഘട്ട അദാലത്ത് നടത്തും. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഇതിനകം തീര്‍പ്പായിട്ടുളള 25 ക്ലെയിമുകള്‍ക്ക് 2.50 കോടി രൂപ വിതരണം ചെയ്യും. അവശേഷിക്കുന്ന 95 എണ്ണം ക്ലെയിമുകള്‍ തീര്‍പ്പാക്കി ധനസഹായം വിതരണം ചെയ്യുന്നതിന് നടപടികളും സ്വീകരിക്കുമെന്ന് മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ 105 ക്ലെയിമുകള്‍ തീര്‍പ്പാക്കി എട്ട് കോടിയോളം രൂപ ഇതിനകം തെക്കന്‍ മേഖല അദാലത്തില്‍ വിതരണം ചെയ്തിട്ടുണ്ട്.2015-16 വര്‍ഷത്തില്‍ പദ്ധതി പ്രകാരം 447,52,935 രൂപയും, 2016-17 ല്‍ 423,38,587 രൂപയും, 2017-18ല്‍ 684,50,365 രൂപയും അനുവദിച്ചിട്ടുണ്ട്. , 2018-19 വര്‍ഷത്തില്‍ 351,70,582 രൂപയാണ് ആനുകൂല്യമായി നല്‍കിയത്. 2019-20 വര്‍ഷത്തില്‍ 566,26,531 രൂപയും 2020-21 വര്‍ഷത്തില്‍ 177,04,567 രൂപയും, 2021-22 വര്‍ഷത്തില്‍ 711,97,585 രൂപയും ഇന്‍ഷൂറന്‍സ് ധനസഹായമായി അംഗങ്ങളുടെ ആശ്രിതര്‍ക്കും, അംഗങ്ങള്‍ക്കുമായി നല്‍കിയിട്ടുണ്ട്. അപകടമരണം, മത്സ്യബന്ധനത്തിനിടെ അപകടം സംഭവിച്ച് കാണാതാകല്‍, സ്ഥിരവും പൂര്‍ണ്ണവുമായ അവശത എന്നിവക്ക് 10 ലക്ഷം രൂപയും സ്ഥിരവും ഭാഗികവുമായ അവശതക്ക് അഞ്ച് ലക്ഷം രൂപയുമാണ് ഇന്‍ഷൂറന്‍സ് ആനുകൂല്യമായി ലഭിക്കുക. ഇതിനുപുറമെ അപകടം മൂലം 24 മണിക്കൂറിലധികം ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടി വരുന്നവര്‍ക്ക് പരമാവധി 25,000 രൂപ ലഭ്യമാക്കുന്നതിനും വ്യവസ്ഥയുണ്ട്. അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യമായി പരമാവധി 10,000 രൂപയും ലഭിക്കും.