സംസ്ഥാനത്ത് 4 ദിവസം റേഷൻ വിതരണം മുടക്കി സെർവർ

തിരുവനന്തപുരം: ശേഷിയില്ലാത്ത സെർവർ കാരണം ജീവൻ പോയ ഇ- പോസ് മെഷീനുകൾ ഇന്നലെയും സംസ്ഥാനത്ത് റേഷൻ വിതരണം മുടക്കി. തുടർച്ചയായ നാലാം ദിവസമാണ് മുടങ്ങുന്നത്. തകരാർ രാത്രി വൈകിയും പരിഹരിക്കാത്തതിനാൽ വിതരണം ഇന്നും നടക്കുമോയെന്ന് ഉറപ്പില്ല.

ട്രഷറി ഇടപാടിൽ സംഭവിച്ചതുപോലെ, പൊതുവിതരണത്തെയും പതിവായി താളം തെറ്റിക്കുന്നത് ശേഷിയില്ലാത്ത സെർവറുകളാണെന്ന് തിരിച്ചറിഞ്ഞിട്ടും ശാശ്വത പരിഹാരത്തിന് സർക്കാർ മുതിരാത്തതാണ് ജനത്തെ അടിക്കടി വലയ്ക്കുന്നത്.

കാർഡ് ഉടമകൾ പലയിടത്തും പ്രതിഷേധിച്ചതിനെ തുടർന്ന് സംഘടനകളുടെ ആഹ്വാന പ്രകാരം ഇന്നലെ ഉച്ചയോടെ റേഷൻ വ്യാപാരികൾ കടകൾ അടച്ചിട്ടു. വെള്ളിയാഴ്ച മുതലാണ് മെഷീനുകൾ പ്രവർത്തിക്കാതായത്. റേഷൻ വിതരണം 2018 ജനുവരി 16ന് ഇ-പോസ് വഴിയാക്കിയശേഷം തകരാർ പലതവണയുണ്ടായി. നാലുനാൾ തുടർച്ചയായി പണിമുടക്കുന്നത് ആദ്യമാണ്. മാസാവസാനം കൂട്ടത്തോടെ റേഷൻ വാങ്ങാനെത്തുമ്പോൾ സെർവർ മന്ദഗതിയിലാകുന്നതായിരുന്നു പതിവ്. ഇത്തവണ മാസത്തിന്റെ രണ്ടാം വാരം തന്നെ നിശ്ചലമായി.

2020 സെപ്തംബറിൽ സെർവർ തകരാർ കാരണം രണ്ടു ദിവസം സൗജന്യ ഭക്ഷ്യക്കിറ്റ് ഉൾപ്പെടെ മുടങ്ങിയിരുന്നു. സെർവറിന്റെ ശേഷി ഉടൻ കൂട്ടുമെന്ന് അന്ന് സിവിൽ സപ്ലൈസ് മന്ത്രിയുൾപ്പെടെ പറഞ്ഞെങ്കിലും ഒന്നും ചെയ്തില്ല. തകരാർ ഏറെക്കുറെ പരിഹരിച്ചെന്ന് സിവിൽ സപ്ലൈസിന്റെ സാങ്കേതിക വിഭാഗം ഇന്നലെ അറിയിച്ചെങ്കിലും ഇ- പോസിന് അനക്കം വച്ചില്ല. കൂടുതൽ സാങ്കേതിക വിദഗ്ദ്ധരെ നിയോഗിച്ചിരിക്കയാണ്.

പരിഹരിക്കേണ്ടതാര് ?

നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻ.ഐ.സി) സെർവറാണ് ഇ- പോസ് യന്ത്രങ്ങൾക്കും ഉപയോഗിക്കുന്നത്. നടത്തിപ്പും ചുമതലയും സംസ്ഥാന ഐ.ടി മിഷനും സ്റ്റേറ്റ് ഡാറ്റാ സെന്ററിനുമാണ്. സെർവർ തകരാറിന് തങ്ങളെ പഴിക്കേണ്ടെന്നാണ് സിവിൽ സപ്ലൈസ് അധികൃതരുടെ പക്ഷം.

പെരുപ്പിച്ചു കാട്ടുന്നെന്ന്

സെർവറിലെ പ്രശ്നം വ്യാപാരികൾ പെരുപ്പിച്ചുകാട്ടുന്നെന്ന് സിവിൽ സപ്ലൈസ് പറയുന്നു. 2020 ആഗസ്റ്റിൽ ഇ-പോസ് വ്യാപകമായി തകരാറായെന്ന് പരാതി ഉയർന്നതോടെ പഞ്ചിംഗ് ഒഴിവാക്കി മാന്വലായി വിതരണത്തിന് അനുവാദം നൽകിയിരുന്നു. ഈ അവസരം മുതലാക്കി ചില കടയുടമകൾ റേഷൻ കരിഞ്ചന്തയിലേക്ക് കടത്തി.

”ഇന്നലെ ഉച്ചയോടെ പ്രശ്നം പരിഹരിച്ചെന്നാണ് കിട്ടിയ വിവരം. മറ്റെന്തെങ്കിലും പ്രശ്നം അവശേഷിക്കുന്നുണ്ടെങ്കിൽ ഇന്ന് തീർക്കും”

  • ജി.ആർ. അനിൽ,

ഭക്ഷ്യമന്ത്രി

”ഇന്നലെ രാവിലെ ഇടപാട് നടത്താനായില്ല. ഇന്ന് കട തുറക്കുമ്പോഴേ പരിഹാരമായോ എന്ന് അറിയാനാകൂ. ഇനിയും പരീക്ഷിക്കരുത്”

  • ടി. മുഹമ്മദാലി, ജനറൽ സെക്രട്ടറി

റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ.

14,036

ആകെ റേഷൻ കടകൾ

4026

ഇന്നലെ തട്ടിമുട്ടി പ്രവർത്തിച്ചത്

14.29%

ഈ മാസം നടത്തിയ

റേഷൻ വിതരണം