ദിലീപിന്റെ വീട്ടിൽ ഏഴു മണിക്കൂർ പരിശോധയ്ക്ക് ശേഷം ഹാർഡ് ഡിസ്കും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ വീട്ടിൽ അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ ഹൗസിലും ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ ഹാർഡ് ഡിസ്കും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായാണ് വിവരം. ദിലീപിന്റെ ഫോണും പിടിച്ചെടുത്തവയിൽ ഉണ്ടെന്നാണ് സൂചന.

7 മണിക്കൂര്‍ നീണ്ട പരിശോധനയാണ് രാത്രി 7 മണിയോടെ പൂർത്തിയായത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനായാണ് പ്രധാനമായും പരിശോധന നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് ഭീഷണി മുഴക്കിയ സമയം ദിലീപിന്റെ കൈയില്‍ തോക്കുണ്ടായിരുന്നുവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ തോക്കിനായുള്ള തെരച്ചിലും നടക്കുന്നു.

ദിലീപിന്റെയും സഹോദരന്റെയും വീട്ടില്‍ എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനാ കേസില്‍ രണ്ടാം പ്രതിയെന്ന നിലയിലാണ് അനുപിന്റെ വീട്ടിലെ പരിശോധനയെന്ന് എസ് പി മോഹനചന്ദ്രന്‍ വ്യക്തമാക്കി. റെയ്ഡ് നടക്കുന്നതിനിടെ ദിലീപും ആലുവയിലെ വീട്ടിലെത്തി. 2.30ഓടെ സ്വയം വാഹനമോടിച്ചാണ് ദിലീപ് വീട്ടിലേക്ക് വന്നത്.

അന്വേഷണസംഘത്തെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ് റെയ്ഡ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

രാവിലെ 11.20 ഓടെയാണ് ദിലീപിന്റെ വീട്ടിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെത്തിയത്. കുറേ നേരം കാത്ത് നിന്നിട്ടും ഗേറ്റ് തുറന്നുകൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. പിന്നീട് ഉദ്യോഗസ്ഥര്‍ ഗേറ്റ് ചാടിക്കടന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. പിന്നീട് ദിലീപിന്റെ സഹോദരി എത്തി ഗേറ്റ് തുറന്നുകൊടുത്തു.നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സൈബര്‍ വിദഗ്ധ സംഘം ദൃശ്യങ്ങള്‍ ഇവിടെയുള്ള കമ്പ്യൂട്ടറില്‍ സേവ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നു, പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമാണ് ഉള്ളത്, ഈ ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ മുന്‍പ് വെളിപ്പെടുത്തിയത്. അന്വേഷണസംഘത്തിലെ പല ഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങള്‍ യൂട്യൂബില്‍ കണ്ടപ്പോള്‍ ഇവരെ വധിക്കുമെന്ന് വെല്ലുവിളി മുഴക്കിയെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ ദേഹത്ത് കൈ വച്ച ഡിവൈഎസ്പി സോജന്റെ കൈ വെട്ടുമെന്നും എ.വി. ജോര്‍ജിനെ ലോറിയിടിപ്പിച്ച് കൊന്നാലോ എന്നും ദിലീപ് ചിരിച്ചുകൊണ്ട് ചോദിച്ചെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് തെളിയിക്കുന്ന ശബ്ദരേഖകള്‍ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു.