തിരൂരിൽ മൂന്നര വയസുകാരൻ മരിച്ചത് ക്രൂര മർദ്ദനമേറ്റ്; ഹൃദയത്തിലും വൃക്കകളിലും തലച്ചോറിലും ചതവും മുറിവും


മലപ്പുറം: തിരൂരിൽ മൂന്നര വയസുകാരൻ മരിച്ചത് ക്രൂര മർദ്ദനമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും തലച്ചോറിലും ചതവും മുറിവുകളും കണ്ടെത്തിയതായും റിപ്പോർട്ടിൽ പറഞ്ഞു. ബോധപൂർവം മർദ്ദിച്ചതിന്റെ ലക്ഷണങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.

തിരൂർ ഇല്ലത്തുപാടത്തെ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ കുടുംബത്തിലെ ഷെയ്ക്ക് സിറാജ് മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണപ്പെട്ടത്. ഇതിനെ തുടർന്ന് രണ്ടാനച്ഛൻ അർമാൻ സ്വകാര്യാശുപത്രിയിൽനിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇയാളെ പാലക്കാട് നിന്ന് പൊലീസ് പിടികൂടിയിരുന്നു. മാതാവ് മുംതാസ് ബീഗവും പൊലീസ് കസ്റ്റഡിയിലുണ്ട്. ഒരാഴ്ച മുമ്പാണ് കുടുംബം ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്. ബുധനാഴ്ച കുഞ്ഞിന്റെ അമ്മയും രണ്ടാനച്ഛനും തർക്കമുണ്ടായതായി പ്രദേശവാസികൾ പറയുന്നുണ്ട്.