ദിലീപിന്റെ കൈവശം തോക്ക്? ഭീഷണി മുഴക്കിയത് തോക്ക് ചൂണ്ടി; അന്വേഷണ സംഘത്തിന്റെ പുതിയ വെളിപ്പെടുത്തൽ

കൊച്ചി : ദിലീപിന്റെ കൈവശം തോക്കുണ്ടായിരുന്നതായി വിവരം. അന്വേഷണ സംഘം നടത്തുന്ന തെരച്ചിലിൽ ദിലീപിന്റെ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സമയത്ത് നടൻ തോക്ക് ചൂണ്ടിയാണ് സംസാരിച്ചതെന്ന വിവരവും പുറത്തു വരികയാണ്.

ദിലീപിന്റെ കൈയിൽ ഒരു ആയുധമുണ്ടായിരുന്നുവെന്ന് ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകിയിരുന്നു. എസ് പിയുടെ നേതൃത്വത്തിൽ മൂന്നിടങ്ങളിലും ഒരേസമയം അന്വേഷണ സംഘം എത്തിയത് തോക്ക് കണ്ടെത്താൻ കൂടിയാണെന്നാണ് ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ തന്നെ പുറത്തു വിടുന്ന വിവരം. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്നും ലോറി ഇടിപ്പിച്ച് കൊല്ലുമെന്നുമെല്ലാം ഭീഷണി മുഴക്കിയത് ഈ തോക്ക് ചൂണ്ടിയായിരുന്നു. എന്നാൽ തോക്കുപയോഗിക്കാനുള്ള ലൈസൻസ് ദിലീപിന് ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

രണ്ട് അന്വേഷണ സംഘമാണ് ദിലീപിന്റെ വീട്ടിൽ റെയ്‌ഡ് നടത്തുന്നത്. ക്രൈംബ്രാഞ്ചിനും സൈബർ ഉദ്യോഗസ്ഥർക്കും പ്രത്യേകം അനുമതിയാണ് കോടതി നൽകിയിട്ടുള്ളത്. ഡിജിറ്റൽ തെളിവുകൾക്കൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തൊരുങ്ങിയതിനെതിരെയുള്ള തെളിവുകളും ശേഖരിക്കുന്നുണ്ട്. ഡിജിറ്റൽ തെളിവുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കാനാണ് തീരുമാനം.