സിപിഎം നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. അശ്രദ്ധകൊണ്ടാണ് ഇത് സംഭവിച്ചതെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം കോവിഡ് വ്യാപനം സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അവലോകന യോഗത്തിൽ പുനർചിന്തനം വേണമെന്ന് പറഞ്ഞാൽ ആലോചിക്കും. വിദ്യാർത്ഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 550ലേറെ പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൊന്നടങ്കം രൂക്ഷവിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു തിരുവാതിര സംഘടിപ്പിച്ചിരുന്നത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന സര്‍ക്കാര്‍ നിയന്ത്രണം നിലനില്‍ക്കേയാണ് ഇത്രയധികം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്.

ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറശ്ശാലയിലെ ചെറുവാരക്കോണം സിഎസ്‌ഐ പള്ളി മൈതാനത്തായിരുന്നു പരിപാടി. മരണാനന്തര, വിവാഹ ചടങ്ങുകളില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളുവെന്ന ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് 550 പേര്‍ അണിനിരന്ന തിരുവാതിര നടന്നത്. അതേസമയം ഇതിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വാരാന്ത്യ നിയന്ത്രണം അടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണനയിലുണ്ട്. സ്‍കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി. ഒമിക്രോൺ കേസുകളിലടക്കം വർധനയുണ്ടാകുന്നതിനാൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.