വീട്ടിലെ കട്ടിലിൽ കിടന്നുറങ്ങിയ നാലുവയസുകാരിയെ കാണാനില്ല! ഞെട്ടിച്ചുകൊണ്ട് കണ്ടെത്തൽ
ആലപ്പുഴ: വീട്ടിലെ കട്ടിലിൽ ഉറങ്ങിക്കിടന്ന നാലു വയസ്സുകാരിയെ കാണാതായി. പിന്നീട് വീട്ടുകാരും നാട്ടുകാരും തീ തിന്ന നിമിഷങ്ങള്‍. തിരച്ചിലിനായി എസ്പി അടക്കം പൊലീസുകാർ എത്തി. ഒടുവിൽ വീട്ടിൽ നിന്നു തന്നെ കുട്ടിയെ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം.
രാവിലെ 9.40നാണ് ഉറങ്ങിക്കിടന്ന കട്ടിലിൽ കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിയുന്നത്. ഇതോടെ കുഞ്ഞിനെ നോക്കുന്ന ബന്ധു ആകെ ഭയന്നു. കുഞ്ഞിന്റെ അമ്മയോടും അച്ഛനോടും ഇനി എന്തു മറുപടി പറയുമെന്നറിയാതെ കരയാനും തുടങ്ങി. കുഞ്ഞിന്റെ അമ്മയ്ക്ക് ജോലിയുള്ളതിനാൽ രണ്ടാം മാസം മുതൽ കുഞ്ഞിന്റെ ഒരു ബന്ധുവാണ് നോക്കി വളർത്തുന്നത്. വീട്ടുകാരും പരിസരവാസികളും വീടും പരിസരവും മുഴുവൻ പരിശോധിച്ചു. ഇതിനിടെ ഒരു തമിഴ് സ്ത്രീ അതുവവഴി പോയെന്ന ആരുടെയോ വാക്കുകൾ തീക്കനൽ കോരിയിട്ടു. കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയതാണോ എന്ന് എല്ലാവരും ഭയന്നു.
പത്തുമണി വരെ തിരഞ്ഞിട്ടും കാണാതായതോടെ പൊലീസിൽ അറിയിക്കാൻ തീരുമാനിച്ചു. ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. വിവരം അറിഞ്ഞതോടെ പൊലീസ് സംവിധാനങ്ങൾ ജാഗരൂഗമായി. റിവ്യൂ മീറ്റിങ്ങ് പോലും റദ്ദാക്കി എസ്പി ജയ്ദേവ് ഉൾപ്പടെയുള്ള സംഘം കുഞ്ഞിന്റെ വീട്ടിലെത്തി. മുഴുവൻ എയ്‍ഡ് പോസ്റ്റുകളിലും നാലു വയസ്സുകാരിയെ തിരഞ്ഞുകൊണ്ടിരുന്നു. കുട്ടിയെ കാണാതായെന്ന വാട്സാപ് സന്ദേശം വിവിധ ഗ്രൂപ്പുകളിലൂടെ വൈറലായതോടെ നാട്ടുകാരും തിരച്ചിലിനിറങ്ങി. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങി എല്ലായിടത്തും പരിശോധന നടത്തി.
ആലപ്പുഴയിൽ നിന്നു 2005ൽ കാണാതായ രാഹുൽ മുതൽ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽനിന്നു പിഞ്ചു കുഞ്ഞു മോഷ്ടിക്കപ്പെട്ട സംഭവം വരെ കൂടിനിന്നവരുടെ മനസ്സിൽ മിന്നി മറഞ്ഞു. ആശങ്കകളുടെ മണിക്കൂറുകൾക്കു വിരാമമായത് 11 മണിക്ക് അലമാരയുടെ മറവിൽ നിന്ന് ഉറക്കം മതിയാക്കി കുട്ടി എഴുന്നേറ്റു വന്നതോടെയാണ്. രാവിലെ ഒമ്പതര വരെ കട്ടിലിൽ കിടന്നുറങ്ങിയ കുട്ടി എപ്പോഴാണ് എഴുന്നേറ്റു പോയി അലമാരയുടെ മറവിൽ കിടന്നതെന്നു വീട്ടുകാർ പോലും കണ്ടില്ല.
കുഞ്ഞ് ഉറക്കം മതിയാക്കി എഴുന്നേറ്റു വരുന്നതു കണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു. ഉറങ്ങിക്കിടന്ന സ്ഥലം കാണിച്ചു കൊടുത്തു. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കുഞ്ഞ് അലമാരയ്ക്കും ഭിത്തിക്കും ഇടയിലെ ചെറിയ സ്ഥലത്തു പോയി കിടക്കുകയായിരുന്നത്രെ. കുഞ്ഞ് വീട്ടിൽ തന്നെയുണ്ടെന്ന് അറിഞ്ഞതോടെയാണ് ആശങ്ക ഒഴിഞ്ഞത്. മുഴുവൻ വാട്സാപ് ഗ്രൂപ്പുകളിലും കുഞ്ഞിനെ കണ്ടെത്തിയ വിവരം കൈമാറി. യുകെയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും വരെ കുഞ്ഞിനെ കിട്ടിയോ എന്നു ചോദിച്ചു വിളി വന്നുവെന്നു ബന്ധുക്കൾ പറയുന്നു.