കാട്ടുപന്നി കുറുകെ ചാടി; വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട വാഹനം മറ്റൊരു വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. ചേളന്നൂർ സ്വദേശി സിദ്ദിഖ് (33) ആണ് മരിച്ചത്.

തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഒമ്നി വാനും എതിരെവന്ന പിക്കപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം.  പന്നിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ എതിരെ വന്ന ഒമ്നി വാനിൽ ഇടിക്കുകയായിരുന്നു. ഒമ്നി വാനിൽ ഉണ്ടായിരുന്ന സിദ്ദിഖ് ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.

ഇരുചക്ര വാഹനത്തിൽ കാട്ടുപന്നിയിടിച്ച് ഒരാൾ മരിച്ചു എന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ. എന്നാൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് വാഹനം നിയന്ത്രണംവിട്ടാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വാഹനത്തില്‍ സഞ്ചരിച്ചവര്‍ പറയുന്നത്.