എടവണ്ണയിൽ യുവാവിന്റെ മരണം: ദൃക്സാക്ഷി മൊഴിമാറ്റി; കസ്റ്റഡിയിലെടുത്ത സ്ത്രീകളെ വിട്ടയച്ചു

മലപ്പുറം: എടവണ്ണയിൽ യുവാവ് തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദൃക്സാക്ഷി മൊഴി മാറ്റി. യുവാവിനെ അയൽവാസിയായ സ്ത്രീകൾ തീ കൊളുത്തുന്നത് കണ്ടെന്ന മൊഴിയാണ് ഇയാൾ പൊലീസിന് മുന്നിലെത്തിയപ്പോൾ മാറ്റിയത്.പൊലീസ് മൊഴിയെടുത്തപ്പോഴാണ് അയൽവാസിയായ നൗഷാദ് നേരത്തെ പറഞ്ഞ കാര്യം മാറ്റിപ്പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ആത്മഹത്യയെന്നാണ് സ്ഥിരീകരിക്കുന്നത്. കസ്റ്റഡിയിലെടുത്ത സ്ത്രീകളെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയും ചെയ്തു.

താൻ ബൈക്കിൽ വരുമ്പോൾ മരിച്ച ഷാജിയുടെ അയൽവാസിയായ സ്ത്രീയും മകനും ചേർന്ന് ദ്രാവകം ഷാജിയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുന്നത് കണ്ടെന്നായിരുന്നു ഇന്നലെ നൗഷാദിന്റെ മൊഴി. രാത്രി നടന്ന നാട്ടുകാരുടെ പ്രതിഷേധ സമയത്തടക്കം നൗഷാദ് താൻ സംഭവം നേരിൽ കണ്ടെന്ന വാദത്തിൽ ഉറച്ചുനിന്നു. സംഭവത്തിന് ശേഷം പള്ളിയിലേക്ക് ഓടിപ്പോയി അവിടെയുള്ളവരെയും കൂട്ടി സ്ഥലത്തേക്ക് വന്നതാണ് താനെന്നും നൗഷാദ് പറഞ്ഞിരുന്നു.

എന്നാൽ തുടക്കം മുതലേ നൗഷാദിന്റെ വാദം പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ആത്മഹത്യയെന്ന നിലപാടിലായിരുന്നു പൊലീസും. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കുറ്റാരോപിതരും ഷാജിയുമായി വഴിത്തർക്കം ഉണ്ടായിരുന്ന വീട്ടുകാരുമായ സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് ശേഷമാണ് നൗഷാദ് മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ നൗഷാദ് നിലപാട് മാറ്റിയതോടെ കുറ്റാരോപിതരായ സ്ത്രീകളെ പൊലീസ് വിട്ടയക്കുകയായിരുന്നു.