കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിലെ വിധിയിലെ നിര്‍ണായക തെളിവായത് ടെലിവിഷൻ ചാനല്‍ അഭിമുഖം


കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിലെ വിധിയില്‍ നിര്‍ണായക തെളിവായത് ടെലിവിഷന്‍ അഭിമുഖം. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കേസിൽ വിസ്തരിച്ച സാക്ഷികളില്‍ ഒരാള്‍ പോലും കൂറുമാറിയില്ല. പൊലീസിന് നല്‍കിയ മൊഴിയും കോടതിയില്‍ നല്‍കിയ മൊഴിയും ഒന്നുതന്നെയായിരുന്നു.

2014 മുതൽ 2016 വരെയുളള കാലയളവിൽ 13 തവണ ബിഷപ്പ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. സാക്ഷിമൊഴികള്‍ എല്ലാം ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് അനുകൂലമായതാണ് കോടതിവിധിയില്‍ നിര്‍ണായകമായതെന്നും ഒരു മലയാള ടെലിവിഷൻ ചാനല്‍ അഭിമുഖം നിര്‍ണായക തെളിവായതായും പ്രതിഭാഗം അഭിഭാഷകന്‍ സി എസ് അജയന്‍ വ്യക്തമാക്കി. 2018 ജൂണിൽ കേസ് നല്‍കി വിവാദമായതോടെയാണ് പീഡനത്തെക്കുറിച്ച് താനറിയുന്നതെന്നായിരുന്നു പരാതിക്കാരിയുടെ അടുത്ത സുഹൃത്തായ കന്യാസ്ത്രീ 2018 സെപ്തംബറിൽ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഇതോടെ പരാതിക്കാരിയായ കന്യാസ്ത്രീക്ക് എതിരെ ബിഷപ്പ് നടപടി എടുത്ത ശേഷമാണ് പീഡനം സംബന്ധിച്ച പരാതി ഉയര്‍ന്നതെന്ന പ്രതിഭാഗം വാദത്തിന് ശക്തിയേറി. 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതിനെ ബലാത്സംഗമായി കാണാനാകുമോ എന്ന സംശയം പ്രതിഭാഗം നേരത്തെ ഉന്നയിച്ചിരുന്നു. അഭിമുഖത്തിനൊപ്പം ഇതെല്ലാം ആയുധമാക്കിയാണ് പ്രതിഭാഗം വാദിച്ചത്.

കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് ബിഷപ്പുമാരെ ഈ കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ചിരുന്നു. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ എന്നിവരെല്ലാം വിസ്താരത്തിനെത്തി. 83 സാക്ഷികളില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെടുത്തു. പ്രതിഭാഗത്ത് നിന്ന് വിസ്തരിച്ചത് ആറ് സാക്ഷികളെയാണ്. 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി.

അന്ന് ജലന്തര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിലും കേസില്‍ കുറ്റപത്രം വൈകിയതിലും പ്രതിഷേധം തെരുവിലേക്ക് നീണ്ടിരുന്നു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യക്ഷസമരവുമായി എത്തിയിരുന്നു.

വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ 2018 സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്. അഡ്വ. ജിതേഷ് ജെ ബാബുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍.