നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ദിലീപ്; പുതിയ ഹർജി സമർപ്പിച്ചു
കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹർജിയിൽ പറയുന്നു. അതേസമയം നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസാണ് പരിഗണിക്കുന്നത്.

കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും.
ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹർജി നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹരജിയിലെ പ്രധാന ആരോപണം. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹരജി പരിഗണിക്കുന്നത്.
അതേസമയം സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ദിലീപിന്‍റെ വീട്ടിലും സ്ഥാപനത്തിലും പരിശോധന നടത്തിയിരുന്നു. റെയ്‌ഡിൽ ദിലീപിന്‍റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെയും പെൻ ഡ്രൈവുകളുടെയും ശാസ്ത്രീയ പരിശോധന ഉടന്‍ നടത്തും. കേസുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ കൂടി ലഭിക്കുമോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.