കൊവിഡ്: സ്കൂൾപഠനം ഓൺലൈനിലേക്ക് മാറ്റാൻ സാദ്ധ്യത, ഓഫീസുകളിലടക്കം നിയന്ത്രണം വന്നേക്കും, അവലോകനയോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനവും ഒമിക്രോൺ ഭീതിയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂളുകൾ, കോളേജുകൾ, ഒാഫീസുകൾ, മാളുകൾ എന്നിവയുടെ പ്രവർത്തനം
കൂടുതൽ നിയന്ത്രിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരുന്ന അവലോകന യോഗം
ചർച്ച ചെയ്യും.
ഒന്ന് മുതൽ ഒൻപതു വരെയുള്ള ക്ളാസുകൾ പൂർണമായും ഓൺലൈനാക്കാനും പത്ത്, പ്ളസ് വൺ, പ്ളസ് ടു ക്ളാസുകൾക്ക് നിലവിലെ സ്ഥിതി തുടരാനും സാദ്ധ്യതയുണ്ട്.
വാരാന്ത്യ നിയന്ത്രണമുൾപ്പെടെ യോഗം പരിഗണിക്കുമെന്നാണ് വിവരം. സ്‌കൂളുകളുടെ പ്രവർത്തനവും പരീക്ഷകളും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്‌കൂളുകൾ അടയ്ക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകുമെന്ന് പിന്നീട് മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെയും എറണാകുളത്തെയും സാഹചര്യം ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും എൻജിനിയറിംഗ് കോളേജിലും പുതിയ കൊവിഡ് ക്ളസ്റ്ററുകൾ രൂപപ്പെട്ടു. അടുത്ത രണ്ടാഴ്ച മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാൽ ഇന്നത്തെ യോഗം നിർണായകമാണ്. കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന അവലോകന യോഗം വിവാഹ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി ചുരുക്കാനാണ് തീരുമാനിച്ചത്.
കൊവിഡ് ക്ലസ്റ്റർ മറച്ചുവയ്ക്കരുത്
കൊവിഡ് ക്ലസ്റ്ററുകൾ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് അറിയിച്ചു. പത്തനംതിട്ടയിൽ ഒമിക്രോൺ ക്ലസ്റ്ററായ സ്വകാര്യ നഴ്സിംഗ് കോളേജ് ആരോഗ്യ വകുപ്പിൽ നിന്നു വിവരം മറച്ചുവച്ചിരുന്നു. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി