39 സാക്ഷികളെ വിസ്തരിച്ചു, ഒരാൾ പോലും കൂറുമാറിയില്ല; ഫ്രാങ്കോ എങ്ങനെ കുറ്റമുക്തനായി? തുറന്നു പറഞ്ഞ് അഭിഭാഷകൻ
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ 39 സാക്ഷികളെ വിസ്തരിച്ചിരുന്നു. എന്നാൽ ഇതിൽ ഒരാൾ പോലും കൂറുമാറിയിട്ടില്ല. പിന്നെങ്ങനെയാണ് ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടതെന്ന് വിശദീകരിച്ചിരിക്കുകയാണ് പ്രതിഭാഗം അഭിഭാഷകൻ.
കേസിൽ ഒരു സാക്ഷിപോലും കൂറുമാറാതെ തന്നെ മുഴുവൻ സാക്ഷികളും പറഞ്ഞത് കള്ളമാണെന്ന് കോടതിയിൽ തെളിഞ്ഞു.ബിഷപ്പിനെതിരെയുള്ള ഒരു കുറ്റവും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രാങ്കോ കുറ്റമുക്തനായ ശേഷമാണ് അഭിഭാഷകൻ ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.
ബലാത്സംഗത്തിനിരയായി എന്ന് പറയുന്ന കന്യാസ്ത്രീക്കെതിരെ ഫ്രാങ്കോ ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ ആരോപണമുന്നയിച്ചത്. ഒരുപാട് പേരോട് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ഇത് കോടതിയിൽ തെളിയിക്കാനായില്ല.
അനുപമ എന്ന കന്യാസ്ത്രീ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ കേസിൽ സുപ്രധാനമായിരുന്നു. കേസ് വന്ന ശേഷമാണ് പീഢനവിവരം അറിഞ്ഞതെന്നാണ് അഭിമുഖത്തിൽ അനുപമ പറയുന്നത്. അഭിമുഖത്തിന്റെ വീഡിയോ സഹിതം കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. പൊലീസിനോടും അനുപമ ഇതേ മൊഴി തന്നെയാണ് നൽകിയതെന്നും അഭിഭാഷകൻ പറഞ്ഞു. അഭിമുഖത്തിന്റെ ആധികാരികതയും കോടതി പരിശോധിച്ചിരുന്നു.