റിയാലിറ്റി ഷോ ബാലതാരം സ്‌കൂട്ടർ അപകടത്തിൽ മരിച്ചു
ബെംഗളൂരു: ‘നന്നമ്മ സൂപ്പർ സ്റ്റാർ’ എന്ന കന്നഡ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ബാലതാരം ആറു വയസ്സുകാരി സമൻവി രൂപേഷ് അമ്മയ്ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കെ ടിപ്പറിടിച്ചു മരിച്ചു. പ്രമുഖ ഹരികഥ കലാകാരൻ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ്.

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസിൽ 223ാം നമ്പർ മെട്രോ തൂണിന് സമീപം ടിപ്പർ സ്‌കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. സമൻവിയുടെ അമ്മയും ടി വി താരവുമായി അമൃത നായിഡുവിനെ (34) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സമൻവിയുടെ പിതാവ് രൂപേഷ് ട്രാഫിക് വാർഡനാണ്. ഷോപ്പിങ്ങിനു ശേഷം അമൃതയും സമൻവിയും സ്‌കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോൾ കോനനകുണ്ഡെ ക്രോസിൽ വച്ച് അതിവേഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു.

അമ്മയും മകളും റോഡിലേക്കു തെറിച്ചുവീണു. സമൻവിയുടെ തലയിലും വയറ്റിലും ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സമൻവിയുടെ ജീവൻ രക്ഷിക്കാനായില്ല. ടിപ്പർ ഡ്രൈവർ മഞ്‌ജെ ഗൗഡയെ കുമാരസ്വാമിലേ ഔട്ട് ട്രാഫിക് പൊലീസ് അറസ്റ്റുചെയ്തു.