തിരൂരിലെ മൂന്നരവയസുകാരന്‍റെ മരണം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

മലപ്പുറം: തിരൂരില്‍ മൂന്നരവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ അര്‍മാനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ പൊലീസ് കോടതിയില്‍ ഹാജരാക്കും.കുട്ടി മരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ രണ്ടാനച്ഛനെ ഇന്നലെ ഒറ്റപ്പാലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തതില്‍ ഇയാള്‍ കുട്ടിയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചു.

ലഹരി ഉപയോഗിച്ചിരുന്ന സമയത്താണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് ഹുഗ്ലിയില്‍ നിന്നുളള കുടുംബം താമസിച്ചിരുന്ന വീട്ടില്‍ പരിശോധന നടത്തി. കുട്ടിയുടെ ശരീരത്തില്‍ പൊളളിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു.

ഊഹിക്കാവുന്നതിലും അപ്പുറം മര്‍ദ്ദനമാണ് കുഞ്ഞിന് ഏറ്റവുവാങ്ങേണ്ടി വന്നതെന്ന് എസ്പി പറഞ്ഞു പ്രതികളുടെ ക്വാര്‍ട്ടേഴ്സില്‍ എസ്പി സന്ദര്‍ശനം നടത്തി.

കഴിഞ്ഞ ദിവസമാണ് തലയില്‍ പരുക്ക് പറ്റിയെന്ന് പറഞ്ഞ് മൂന്നരവയസുകാരനായ ഷെയ്ഖ് സിറാജിനെയും കൊണ്ട് രണ്ടാനച്ഛന്‍ തിരൂരിലെ സ്വകാര്യം ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു. കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പ് വരുത്തിയതിന് പിന്നാലെ രണ്ടാനച്ഛന്‍ അവിടെ നിന്നും കടന്നുകളഞ്ഞു. ഇതിന് പിന്നാലെയാണ് ദുരൂഹത സംശയിക്കുന്നത്. കുഞ്ഞ് കുളിമുറിയില്‍ വീണ് പരുക്കുപറ്റിയതാണെന്നാണ് അമ്മയുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ ശക്തമായ അടിയേറ്റതിന്റെ പാടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒപ്പം പൊള്ളലേറ്റ പാടുകളുമുണ്ട്.

തുടര്‍ന്ന് കുഞ്ഞിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കുട്ടിയുടെ തലയില്‍ അടിയേറ്റതിന്റെ പാടും ശരീരത്തില്‍ പൊളളലേല്‍പ്പിച്ചതിന്റെ പാടുമുണ്ടെന്ന് പൊലീസ് കണ്ടെത്തി.