ക്രിസ്മസ്-ന്യൂയർ ബംപർ 12 കോടി: ഒന്നാം സമ്മാനം പെയിൻ്റിംഗ് തൊഴിലാളിക്ക്
കോട്ടയം: ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ബംപർ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്. കോട്ടയം കുടയംപടി സ്വദേശി സദനാണ് ഈ ഭാഗ്യശാലി. ബംപർ സമ്മാന ടിക്കറ്റ് സദൻ്റെ കൈയിലേക്ക് എത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്.

ഇന്ന് രാവിലെ ഇറച്ചി വാങ്ങാനായി പുറത്തേക്കിറങ്ങിയ സദൻ വഴിയിൽ വച്ച് സുഹൃത്തായ ശെൽവൽ എന്ന ലോട്ടറി വിൽപനക്കാരനിൽ നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്. രാവിലെ ഒൻപതരയോടെ വഴിയിൽ വച്ച് ശെൽവനെ കണ്ട സദൻ പണം കൊടുത്ത് ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെടുകയും. വിൽക്കാൻ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിൽ ഒന്ന് ശെൽവൻ സദന് കൈമാറുകയായിരുന്നു.സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താൻ എന്നും എന്നാൽ ഇക്കുറി ക്രിസ്മസ് ബംപർ എടുക്കുണമെന്ന് കരുതിയിരുന്നുവെന്നും സദൻ പറയുന്നു.
അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ. ഒന്നര രൂപ കൂലിക്ക്ചെയ്തു തുടങ്ങിയ പണിയാണ് ഇപ്പോഴും ഉപജീവനമാർഗ്ഗം. ഒരുപാട് കടമുണ്ട് അതെല്ലാം തീർക്കണം. മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം… നിറക്കണ്ണുകളോടെ സദൻ പറയുന്നു.