ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഒന്നരക്കോടി തട്ടിയ ഭൂതാനം സാദേശി അറസ്റ്റിൽ
മലപ്പുറം: ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ ഒന്നരക്കോടി രൂപ തട്ടിയയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. മലപ്പുറം നിലമ്ബൂര്‍ പോത്തുകല്ല് ഭൂതാനം കോളനി വട്ടപറമ്പന്‍ യൂസുഫ് (26) ആണ് അറസ്റ്റിലായത്. മലപ്പുറം സൈബര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. പോത്തുകല്ല് സ്വദേശി മലപ്പുറം സൈബര്‍ ക്രൈം സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യൂസഫിനെതിരെ പൊലീസ് അന്വേഷണം നടത്തിയത്.
മലപ്പുറം സൈബര്‍ ക്രൈം പൊലീസ് സിഐ സി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്താൻ അന്വേഷണം നടത്തി. ഇയാൾക്ക് ബംഗളരുവിലും ബന്ധങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഒടുവിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന് പിന്നാലെ ശനിയാഴ്ച മലപ്പുറത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
പരാതിക്കാരനുമായി അടുപ്പം സ്ഥാപിച്ചാണ് പ്രതി അക്കൗണ്ട് രഹസ്യങ്ങള്‍ മനസ്സിലാക്കിയത്. പിന്നീട് ഇത് ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.