സഊദിയിൽ മകളെ പീഡിപ്പിക്കാൻ ശ്രമം: മലയാളിക്ക് 15 വർഷം തടവ്
ദമാം: ഗൾഫിൽ തന്റെ സമീപത്തുള്ള മകളെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മലയാളിക്ക് സഊദിയിലെ ക്രിമിനൽ കോടതി 15 വർഷത്തെ തടവിന് വിധിച്ചു. കാസർഗോഡ് സ്വദേശി അബ്ദുൽ ഖാദർ അബ്ദുൽ ഹാരിസ് (45) നെയാണ് ദമാം ക്രിമിനൽ കോടതി പതിനഞ്ചു വർഷത്തെ തടവിനു വിധിച്ചത്. വർഷങ്ങളായി കുടുംബവുമൊത്ത് ഇവിടെ കഴിഞ്ഞിരുന്ന ഇദ്ദേഹം കൂടെയുള്ള മകളെ പീഡിപ്പിക്കാൻ നടത്തിയ ശ്രമം പുറം ലോകമറിഞ്ഞതോടെയാണ് സംഭവം കോടതിയിൽ എത്തിയത്.
പ്രാഥമിക കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും ഇത്തരം കേസുകൾക്ക് ഈ ശിക്ഷ പോരെന്നു അഭിപ്രായപ്പെട്ട മേൽ കോടതി ശിക്ഷ പതിനഞ്ചു വർഷമായി ഉയർത്തുകയായിരുന്നു. വർഷങ്ങളായി ദമാമിൽ കുടുംബമൊത്ത് താമസിച്ചു വരുന്ന ഇദ്ദേഹം സ്വകാര്യ കമ്പനിയിൽ സെയിൽസ്മാൻ ആയിരുന്നു. രണ്ട് കുട്ടികളുടെ പിതാവായ ഇദ്ദേഹം ഇപ്പോൾ മാസങ്ങളായി ദമാം സെൻടൽ ജയിലിൽ അഴിയെണ്ണുകയാണ്.
പ്ലസ് വണ്ണിന് പഠിക്കുന്ന മകളുടെ പരാതിയെ തുടർന്നാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. മാതാവ് വീട്ടിൽ ഇല്ലാത്ത സമയം ഇദ്ദേഹം മകളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മകളുടെ അട്ടഹാസത്തെ തുടർന്ന് ഇദ്ദേഹം ഇതിൽ നിന്ന് പിന്മാറിയെങ്കിലും സംഭവം പുറത്തറിയുകയും പിതാവിനെതിരെ മകൾ മൊഴി നൽകുകയും ചെയ്തു.
കേസ് കോടതിയിൽ എത്തിയതോടെ രക്ഷപ്പെടാനുള്ള പതിനെട്ടടവും പ്രതി കോടതി മുറിക്കുള്ളിൽ പയറ്റിയെങ്കിലും പരാതി നൽകാൻ വൈകിയതിനുള്ള കാരണം കൂടി മകൾ നിരത്തിയതോടെ കോടതിക്ക് കേസ് ബോധ്യമാകുകയായിരുന്നു. സ്വന്തം മകളെ ക്കുറിച്ച് മോശമാണെന്ന് ഇദ്ദേഹം ഇദ്ദേഹം കോടതിയിൽ വാദിച്ചെങ്കിലും മകൾ മോള് മൊഴിയിൽ ഉറച്ചു നിന്നു.
ആരുമില്ലാത്ത നേരത്ത് മോളുടെ അടുത്തേക്ക് പ്രകൃതി വിരുദ്ധ ലൈഗികതക്ക് വേണ്ടി താങ്കൾ സമീപിച്ചോ ഇല്ലയോ? എന്ന കോടതിയുടെ ചോദ്യത്തിന് പ്രതി കുറ്റം സമ്മതിച്ചുവെങ്കിലും ശ്രമിക്കുക മാത്രമാണ് ചെയ്തത്, കുറ്റംചെയ്തില്ല എന്നായിരുന്നു മറുപടി. എന്നാൽ, ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് വധശിക്ഷ വിധിക്കുമായിരുന്നു എന്നായിരുന്നു കോടതിയുടെ മറുപടി. വീടും പിതാവും പെൺകുട്ടിയുടെ ജീവിത സുരക്ഷ കേന്ദ്രങ്ങളാണെന്നും സംരക്ഷിക്കേണ്ട കൈകളോട് തന്നെ മാനത്തിന് യാചിക്കേണ്ടി വരിക എന്നത് കൊടും കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന്, ദമാം ക്രിമിനൽ കോടതി പ്രതിക്ക് മൂന്ന് വർഷം ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തു.
എന്നാൽ, കക്ഷികൾ അപ്പീൽ നൽകാതെ തന്നെ ബലാൽസംഗ കേസ്സുകളിൽ കീഴ്കോടതികളുടെ വിധി പുനഃപ്പരിശോധിക്കാനുള്ള അവകാശം സഊദി നിയമവ്യവസ്ഥയിൽ അപ്പീൽ കോടതികൾക്കുണ്ട്. ഇതിലാണ്, പ്രതിക്കുള്ള ശിക്ഷ കുറഞ്ഞ് പോയെന്നും പ്രതി ഒന്നിലധികം തവണ കുട്ടിയെ സമീപിച്ചിട്ടുണ്ടെന്നും കഠിന ശിക്ഷക്ക് അർഹനാണെന്നും കണ്ടെത്തി ദമാം അപ്പീൽ കോടതി ജയിൽ ശിക്ഷ പതിനഞ്ച് വർഷമാക്കി ഉയർത്തി വിധിപുറപ്പെടുവിച്ചത്. ഇത്തരം കുറ്റ കൃത്യങ്ങൾക്ക് സഊദിയിൽ ജാമ്യം പോലുമില്ല.