കോവിഡ്; ഒമിക്രോണ്‍, ജില്ലയിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതും കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കി. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലിലൂടെ പോലീസ്, തദ്ദേശഭരണം, റവന്യൂ തുടങ്ങിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ക്ക് ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ ക്ലസ്റ്ററുകള്‍ കണ്ടെത്തി അത്തരം സ്ഥലങ്ങളില്‍ വ്യാപനം തടയുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ സ്വീകരിക്കണം. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അതാത് വകുപ്പ് മേധാവികള്‍ അനുവദിക്കണമെന്നും ജില്ലയില്‍ ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈനായി മാത്രം ക്ലാസുകള്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ കാലയളവിന് ശേഷമുള്ള അധ്യയനം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തീരുമാനിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ഉടന്‍ തന്നെ അവിടം 15 ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍, പ്രധാനധ്യപകര്‍ എന്നിവര്‍ക്ക് അധികാരം നല്‍കി. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖല, സ്വയം ഭരണ സ്ഥാപനങ്ങളിലും യോഗങ്ങളും മറ്റ് പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനില്‍ മാത്രമേ നടത്താവൂ. ജില്ലയിലെ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ കൂടുതലായാല്‍ എല്ലാത്തരം സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ക്കും പങ്കാളിത്തം 50 പേരായി പരിമിതപ്പെടുത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുതലാകുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല. ഈ നിയന്ത്രണം മതപരമായ ചടങ്ങുകള്‍ക്കും ബാധകമാണ്. ജില്ലയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ബുക്കിങും വില്‍പ്പനയും പ്രോത്സാഹിപ്പിക്കണം. മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകുന്ന രീതിയില്‍ 25 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാളെന്ന നിലയില്‍ ആളുകളെ പ്രവേശിപ്പിക്കേണ്ടതും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തേണ്ടതുമാണ്. നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാരും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു.