ആവശ്യത്തിനനുസരിച്ച് കോടിയേരി കാര്‍ഡ് മാറ്റുന്നു;പി.കെ കുഞ്ഞാലിക്കുട്ടി


മലപ്പുറം: ആവശ്യമനുസരിച്ച് കാര്‍ഡ് മാറ്റിക്കളിക്കുകയാണ് കോടിയേരി ബാലകൃഷണനെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് ന്യൂനപക്ഷ പ്രാതിനിധ്യമില്ലെന്ന കോടിയേരിയുടെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കോടിയേരി കാര്‍ഡ് മാറ്റി കളിക്കുന്നത് കൊള്ളാം. കോണ്‍ഗ്രസില്‍ ന്യൂനപക്ഷ വിഭാഗം ഇല്ല എന്ന് ഇപ്പോള്‍ പറയുന്നവര്‍ ന്യൂനപക്ഷമേ ഉള്ളൂ എന്നായിരുന്നു നേരത്തെ പറഞ്ഞത്. ആവശ്യത്തിനനുസരിച്ച് കോടിയേരി നിലപാട് മാറ്റുന്നു. ജാതിയും മതവും നോക്കി അഭിപ്രായം പറയുന്ന രീതി ഞങ്ങള്‍ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫിനെ നയിക്കുന്നത് ന്യൂനപക്ഷ നേതൃത്വമാണെന്ന് കൊട്ടിഘോഷിച്ചാണ് തെരഞ്ഞെടുപ്പിന് മുമ്പ് കോടിയേരി ഭൂരിപക്ഷ വോട്ട് ബാങ്ക് ഉറപ്പാക്കാന്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പാക്കാനുള്ള നീക്കമായിട്ടാണ് പുതിയ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. അതേസമയം കോടിയേരിയുടെ പ്രസ്താവന സി.പി.എമ്മിന് ബൂമറാങ്ങായി. സി.പി.എം നേതൃത്വത്തിലെ ന്യൂനപക്ഷ പ്രാതിനിധ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലും ചര്‍ച്ച ചെയ്യപ്പെട്ടത്.

അതേസമയം കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതുകൊണ്ടാണോ എന്ന് സംശയിക്കുന്നു. സി.പി.എം മാത്രം നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല കുഞ്ഞാലിക്കുട്ടി പറഞ്ഞു.