നടിയെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ


കാണാതായ ബംഗ്ലാദേശ് നടിയുടെ മൃതദേഹം ദിവസങ്ങൾക്കു ശേഷം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മുമ്പാണ് ബംഗ്ലാദേശി നടിയായ റൈമ ഇസ്ലാം ഷിമുവിനെ കാണാതായത്. സംഭവത്തിൽ നടിയുടെ ഭർത്താവ് ഷെഖാവത്ത് അലിയെ പൊലീസ് പിടികൂടി.

ഇയാളെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. റൈമയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ പൊലീസ് ചോദ്യം ചെയ്യലിൽ ഭർത്താവ് കുറ്റം ഏറ്റുപറയുകയായിരുന്നു. ധാക്കയിലെ കേരാനിഗഞ്ജ് പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഷെഖാവത്ത് കൊലപാതകത്തിന് പിന്നിൽ താനാണെന്ന് സമ്മതിച്ചത്. ഇയാൾക്കൊപ്പം സുഹൃത്ത് അബ്ദുള്ള ഫർഹാദ് എന്നയാളേയും പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് സൂംടിവി റിപ്പോർട്ടിൽ പറയുന്നു.

കുടുംബ വഴക്കിനെ തുടർന്നാണ് നടിയെ ഭർത്താവ് കൊലപ്പെടുത്തിയതെന്നാണ് ഇടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, പ്രമുഖ ബംഗ്ലാദേശി നടന്റെ പേരും കേസുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്നുണ്ട്. നിരവധി ബംഗ്ലാദേശ് മാധ്യമങ്ങളും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകുന്നുണ്ടെങ്കിലും പൊലീസ് ഇതിനെ സംബന്ധിച്ച് യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല.

നടിയുടെ മൃതദേഹത്തിൽ പരിക്കേറ്റ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റൊരു സ്ഥലത്ത് വെച്ച് കൊലപാതം നടത്തി പാലത്തിനു സമീപം മൃതദേഹം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്.

1998 ൽ പുറത്തിറങ്ങിയ ബംഗ്ലാദേശി ചിത്രം ബർത്തമാനിലൂടെയാണ് റൈമ അഭിനയരംഗത്തേക്ക് എത്തുന്നത്. ഇരുപത്തിയഞ്ചോളം സിനിമകളിലും നിരവധി ടെലിവിഷൻ പരിപാടികളിലും ഇവർ ഭാഗമായിട്ടുണ്ട്.

ഭർത്താവിനും കുഞ്ഞിനുമൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച്ച രാവിലെയാണ് നടിയെ കാണാതാകുന്നത്. ഭാര്യയെ കാണാനില്ലെന്ന് ഷെഖാവത്ത് തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹേം കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.