ക്രൂഡ് വില ഏറ്റവും ഉയര്‍ന്ന നിലയിൽ: തെരഞ്ഞെടുപ്പ് കാലത്തിന്റെ ആശ്വാസത്തില്‍ ഉപയോക്താക്കള്‍
കൊച്ചി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില എട്ടു വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി. ഇന്നലെ ന്യൂയോര്‍ക്ക് എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 87 ഡോളറായാണ് ഉയര്‍ന്നത്. എന്നാല്‍ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്ത് മാര്‍ച്ച് മാസം ആദ്യ വാരത്തിന് ശേഷം മാത്രം ആഭ്യന്തര പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റം വരുത്തിയാല്‍ മതിയെന്ന നിലപാടിലാണ പൊതുമേഖലാ എണ്ണ കമ്പനികള്‍. അതിനാല്‍ രണ്ട് മാസക്കാലം ഉപയോക്താക്കള്‍ക്ക് ആശ്വസിക്കാം. എന്നാല്‍ ഉത്പാദന ചെലവ് ഗണ്യമായി കൂടുമ്പോഴും വില്‍പ്പന വില ഉയര്‍ത്താന്‍ കഴിയാത്തതിനാല്‍ പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് എന്നിവയുടെ നഷ്ടം കുതിച്ചുയരുകയാണ്.
തുടര്‍ച്ചയായ 75 ദിവസമാണ് കമ്പനികള്‍ ഇന്ധന വിലയില്‍ മാറ്റം വരുത്താതെ ഇലക്ഷന് മോഡില്‍ നീങ്ങുന്നത്. മൂന്ന് മാസത്തിനിടെ ക്രൂഡോയില്‍ വില ബാരലിന് 18 ഡോളര്‍ വർധിച്ച് 85 ഡോളറിലെത്തിയിട്ടും ഇന്ധന വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ ലിറ്ററിന് യഥാക്രമം അഞ്ച് രൂപയും പത്ത് രൂപയും കുറച്ചതിന് ശേഷം വില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രണാധികാരം പൂര്‍ണമായും എടുത്തു കളഞ്ഞതിന് ശേഷം വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലയെന്നാണ് ഇതുവരെ അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി വീണ്ടും സര്‍ക്കാര്‍ ഇന്ധന വില നിശ്ചയിക്കുന്നതില്‍ ഇടപെടുന്നുവെന്ന് എണ്ണ കമ്പനികളോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 2017 ജൂണ്‍ മുതല്‍ ഏര്‍പ്പെടുത്തിയ പ്രതിദിന വില നിശ്ചയ രീതി നിലവില്‍ വന്നതിനു ശേഷം ഇത്രയും ദീര്‍ഘമായ കാലയളവില്‍ വില സ്ഥിരതയില്‍ തുടര്‍ന്നിട്ടില്ല. നേരത്തെ കര്‍ണാടക, ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായും പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വർധന കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പഴയ കടം കൂടി തീര്‍ത്ത് ഇന്ധന വില കമ്പനികള്‍ കുത്തനെ കൂട്ടി നഷ്ടം നികത്തി.
2020 മാര്‍ച്ച് ഏഴു മുതല്‍ ജൂണ്‍ വരെ തുടര്‍ച്ചയായി 82 ദിവസം പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില രാജ്യാന്തര ക്രൂഡ് വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ച് ഉയര്‍ത്തിയ പൊതു മേഖലാ എണ്ണ കമ്പനികളാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം മരവിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ വില റെക്കാഡുുകള് താണ്ടി ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് മാസം മുന്‍പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ എക്സൈസ് തീരുവ ഗണ്യമായി കുറച്ചത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മൂല്യ വര്‍ദ്ധിത നികുതിയിലും കുറവ് വരുത്തിയിരുന്നു.
അതേസമയം മാര്‍ച്ചിന് മുന്‍പ് രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് നൂറ് ഡോളറിന് മുകളിലെത്തുമെന്ന് പ്രമുഖ ഗവേഷണ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്ക്സ് പ്രവചിക്കുന്നു. ആഗോള വ്യാപകമായി വന്‍ വിലക്കയറ്റ ഭീഷണിയാണ് ക്രൂഡ് വിലയിലെ മുന്നേറ്റം സൃഷ്ടിക്കുന്നത്.