നാളികേര സംഭരണത്തിന് കേന്ദ്രങ്ങൾ അനുവദിക്കണം; കേരള കർഷകസംഘം
തിരൂർ: നാളികേര സംഭരണത്തിന് ജില്ലയിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ പച്ച തേങ്ങ സംഭരണ കേന്ദ്രങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം ജില്ലാ കമ്മിറ്റി കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനും ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ വി അബ്ദുറഹിമാനും നിവേദനം നൽകി.
കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേര കൃഷിക്കാരുള്ള ജില്ലയാണ് മലപ്പുറം. നാളികേര ഉദ്പാദനത്തിലും ജില്ല രണ്ടാം സ്ഥാനത്താണ്. ജില്ലയിൽ തന്നെ പത്ത് ലക്ഷത്തോളം കുടുംബങ്ങളാണ് നാളികേരത്ത ആശ്രയിക്കുന്നവരായിട്ടുള്ളത്. നാണുവിളകളുടെ വില നിശ്ചയിക്കുന്നത് കച്ചവടക്കാരും വിപണിയുമാണ് എന്നതിനാൽ ഏതാനും ആഴ്ചകളായി കടുത്ത പ്രതിസന്ധിയിലും പ്രയാസത്തിലുമാണ് കർഷകർ, നാളികേരത്തിന്റെ തൂക്കവില കിലോക്ക് 40 രൂപ വരെ ലഭിച്ചിരുന്നു. എന്നാലിപ്പോഴത് 26 രൂപയിലാണ് എത്തിനിൽക്കുന്നത്.
കേരള സർക്കാർ കർഷകരുടെ പ്രയാസം മനസ്സിലാക്കി 32 രൂപക്ക് സംഭരണം നടത്താൻ തീരുമാനമെടു. എന്നാൽ സംഭരണത്തിന് കൃഷിവകുപ്പ് മലപ്പുറം ജില്ലയുടെ അതിർത്തിയായ പെരുമ്പടപ്പിലെ ഒരു നാളികേര ഉദ്പാദക സൊസൈറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതാകട്ടെ ജില്ലയിൽ ഒരേയൊരു കേന്ദ്രവുമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കർഷകർക്ക് പെരുമ്പടപ്പിൽ പോയി നാളികേരം നൽകുന്നത് പ്രായോഗികവുമല്ല.
കർഷകർക്ക് സംഭരണത്തിന്റെ ഗുണം ലഭിക്കണമെങ്കിൽ ജില്ലയിൽ നിയോജക മണ്ഡലം ബ്ലോക്ക് തലത്തിൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കണം.
കോവിഡ് മഹാമാരിയും മറ്റും സൃഷ്ടിച്ച കടുത്ത പ്രയാസങ്ങൾക്കിടയിൽ പിടിച്ച് നിൽക്കാൻ ശ്രമിക്കുന്ന കർഷകന് നിലനിൽക്കണമെങ്കിൽ സംഭരണ വില വർദ്ധിപ്പിക്കുകയും സംഭരണ കേന്ദ്രങ്ങൾ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ആരംഭിക്കണമെന്നും. ജില്ലയുടെ സവിശേഷമായ നാളികേര കർഷകരുടെ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണണമെന്നും കർഷക സംഘം നിവേദനത്തിൽ ആവശ്യപ്പെട്ടു.