സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍; രാത്രികാല നിയന്ത്രണമില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.

ജനുവരി 23,30 തിയതികളിലായിരിക്കും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തുക. അവശ്യ സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക.

സ്‌കൂളുകള്‍ പൂര്‍ണ്ണമായും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലുള്ളവര്‍ക്കായിരുന്നു 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അനുവദിച്ചിരുന്നത്.  പത്ത് മുതല്‍ പ്ലസ്ടുവരെയുള്ളവര്‍ക്കും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. രാത്രികാല കര്‍ഫ്യൂവേണ്ടെന്ന് അവലോകനയോഗം തീരുമാനിച്ചു.

ജില്ലകളെ തരംതിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.  രോഗികളുടെ എണ്ണവും ആശുപത്രി സൗകര്യവും പരിഗണിച്ചാണ് ജില്ലകളെ തരംതിരിക്കുക.