പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകുന്ന സംഭവം ചരിത്രത്തിൽ ആദ്യം; ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപും, കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. ദിലീപും കൂട്ടുപ്രതികളും സമർപ്പിച്ച അപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് എതിർത്ത് പ്രോസിക്യൂഷൻ സത്യാവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് റിപ്പോർട്ടിൽ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു.

പ്രതിയുടെ ക്രിമിനൽ സ്വഭാവം പരിഗണിച്ച് ജാമ്യം നൽകരുത്. നടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിലും, ഇത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിലും മുഖ്യ സൂത്രധാരൻ ദിലീപ് ആണ്. ഇത് രണ്ടും വ്യക്തമാക്കുന്നത് പ്രതിയുടെ ക്രിമിനൽ സ്വഭാവമാണ്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലല്ല, മറിച്ച് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ കേസ് എടുത്തതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സാധാരണയായി ഇത്തരം കേസുകളിൽ നേരിട്ടുള്ള തെളിവുകൾ ലഭിക്കുന്നത് അപൂർവ്വമാണ്. എന്നാൽ ഇവിടെ ദിലീപുമായി നേരിട്ടു ബന്ധമുള്ള ആൾ തന്നെ മൊഴി നൽകുകയും ഇത് സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ നൽകുകയും ചെയ്തു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

ലൈംഗിക പീഡനത്തിനായി ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയ സംഭവം നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ആദ്യമാണ്. ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നതും ആദ്യമായാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. നടിയെ ക്വട്ടേഷൻ നൽകി ആക്രമിച്ച സംഭവത്തിൽ 30 സാക്ഷികളാണ് കൂറുമാറിയത്. ദിലീപിന്റെ സ്വാധീനമാണ് ഇതിന് പിന്നിൽ എന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.