എന്തുകൊണ്ട് വിമാനകമ്പനികളുടെ പേടിസ്വപ്നമായി 5ജി മാറുന്നു? ഇവ തമ്മിലുള്ള ബന്ധമെന്ത്

ന്യൂഡൽഹി: അമേരിക്കയിലേക്കുള്ള നാല് വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. അഞ്ചാം തലമുറ (5ജി) മൊബൈൽ ടവറുകളിലെ തരംഗങ്ങൾ വിമാനത്തിലെ ചില ഉപകരണങ്ങളെ ബാധിക്കാനിടയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. എയർ ഇന്ത്യയ്‌ക്കു പുറമെ മറ്റ് പ്രമുഖ വിമാന കമ്പനികളും അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്‌ക്കുകയോ, റദ്ദാക്കുകയോ ചെയ്‌തിരിക്കുകയാണ്.ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോ, ജോൺ.എഫ്.കെന്നഡി, ചിക്കാഗോ എന്നിവിടങ്ങളിലേക്കും മുംബയിൽ നിന്ന് നെവാക്കിലേക്കുള്ള സർവീസുമാണ് എയർ ഇന്ത്യ ഇന്നലെ മുതൽ റദ്ദാക്കിയത്.

അമേരിക്കയിൽ എ.ടി ആൻഡ് ടി, വെരിസോൺ ടെലികോം കമ്പനികൾ 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചിക്കാഗോ, ഓർലൻഡോ, ലോസാഞ്ചൽസ്, ഡല്ലാസ്, സിയാറ്റിൽ, സാൻഫ്രാൻസിസ്കോ തുടങ്ങിയ വിമാനത്താവളങ്ങൾക്ക് ചുറ്റും ടവറുകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 5ജി നെറ്റ്‌വർക്കുകളും എയർലൈനുകളും തങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി സി ബാൻഡ് പങ്കിടുന്നുണ്ട്. ഇത് 5ജി നെറ്റ്‌വർക്കുകളിലെ ആന്റിനകൾക്ക് സമീപമുള്ള ചില തരം റഡാർ ഓൾട്ടിമീറ്റർ ഉപകരണങ്ങളെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായാണ് വിമാനകമ്പനികൾ അമേരിക്കയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയത്.

ജപ്പാൻ എയർലൈൻസ്, എ.എൻ.എ ഹോൾഡിംഗ്സ്, ഡെൽറ്റാ എയർലൈൻസ്, എമിറേറ്റ്സ്, കൊറിയൻ എയർ, ചൈന എയർ, കാത്തെ പസഫിക് തുടങ്ങിയ പ്രമുഖ കമ്പനികളും സർവീസുകൾ റദ്ദാക്കുകയോ, വിമാനങ്ങൾ പുന:ക്രമീകരിക്കുകയോ ചെയ്‌തിട്ടുണ്ട്.

5ജി സേവനത്തിന് ഉപയോഗിക്കുന്ന സി-ബാൻഡ് സ്‌പെക്‌ട്രം ബോയിംഗ് 777 വിമാനങ്ങളെയും മറ്റും മോശം കാലാവസ്ഥയിൽ ലാൻഡിംഗിന് സഹായിക്കുന്ന റഡാറുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. യു.എസിൽ തണുപ്പ് കാലത്ത് മൂടൽമഞ്ഞിൽ കാഴ്ച മറയുന്നത് പതിവായതിനാൽ പൈലറ്റുമാർ ലാൻഡിംഗിന് ഓട്ടോമാറ്റിംഗ് സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് എ.ടി ആൻഡ് ടി, വെരിസോൺ ടെലികോം കമ്പനികൾ 5ജി സേവനം നൽകുന്നത് ആറുമാസത്തേക്ക് താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ബോയിംഗ് 777 ജെറ്റ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏകദേശം ഇരുപത്തിയഞ്ചോളം വിമാനങ്ങൾ യു എസിലേക്കുള്ള സർവീസ് റദ്ദാക്കിയിരിക്കുകയാണ്.

5ജി നെറ്റ്‌വർക്കുകൾ വ്യോമയാനത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾ പുതിയതല്ല. വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഇത്തരത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ പൈലറ്റുമാരുടെ ഫെഡറേഷനും ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചിരുന്നു. എയർക്രാഫ്റ്റ് സുരക്ഷാ സംവിധാനങ്ങളുടെ അവിഭാജ്യ ഘടകമായ റേഡിയോ ഓൾട്ടിമീറ്ററുകളുമായുള്ള 5ജി സിഗ്നൽ ഇടപെടൽ പൂർണ്ണമായി മനസ്സിലാക്കുകയും ലഘൂകരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് കത്തിൽ പറയുന്നു.

എന്താണ് സി ബാൻഡ്?

വായു തരംഗങ്ങളുടെ സ്പെക്ട്രത്തിന്റെ ഒരു ഭാഗമാണ് സി ബാൻഡ്. ഇത് 5ജി കണക്ടിവിറ്റിയ്ക്ക് വളരെ പ്രധാനമാണ്. ഏകദേശം 3.3 ജിഗാഹെർട്‌സ് മുതൽ 4.2 ജിഗാഹെർട്‌സ് വരെയാണ് ഇതിന്റെ തരംഗാവൃത്തി (വേവ് ഫ്രീക്വൻസി). എന്നാൽ യു എസിൽ സി ബാൻഡിന്റെ തരംഗാവൃത്തി 3.7 മുതൽ 3.98 ജിഗാഹെർട്‌സ് വരയാണ്. 4ജിയെ അപേക്ഷിച്ച് വേഗതയേറിയ കണക്ഷന് സഹായിക്കുന്ന വിശാലമായ സ്പെക്ട്രം ശ്രേണി സി ബാൻഡിനുള്ളതിനാൽ ഇത് 5ജി നെറ്റ്‌വർക്കിംഗിന് വളരെയധികം പ്രധാനമാണ്.

എന്താണ് ഓൾട്ടീമീറ്റർ?

വിമാനം വെള്ളത്തിനോ കരയ്ക്കോ മുകളിലായിരിക്കുമ്പോൾ അതിന്റെ ഉയരം കണക്കാക്കുന്നതിനായി വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണമാണ് ഓൾട്ടീമീറ്റർ. കുറഞ്ഞ ഉയരത്തിൽ പറക്കേണ്ട സാഹചര്യങ്ങളിൽ ഓൾട്ടീമീറ്റർ വളരെയധികം പ്രാധാന്യമ‌ർഹിക്കുന്നു.

ഓൾട്ടീമീറ്ററും 5ജിയുടെ സി ബാൻഡും തമ്മിൽ എങ്ങനെയാണ് കൂട്ടിമുട്ടുന്നത്?

5ജിയുടെ സി ബാൻഡ് പുറപ്പെടുവിക്കുന്ന സിഗ്നലുകൾ വിമാനത്തിന്റെ ഉയരത്തെ സംബന്ധിച്ച് ഓൾട്ടിമീറ്ററിന് ലഭിക്കുന്ന സിഗ്നലുകളെ തടസപ്പെടുത്തുമെന്നാണ് വിമാനകമ്പനികളുടെ വാദം. ഇത് ദൃശ്യപരത (വിസിബിലിറ്റി) കുറഞ്ഞ ലാൻഡിംഗുകളിലും മോശം കാലാവസ്ഥ സമയങ്ങളിലെ ലാൻഡിംഗുകളിലും തടസത്തിന് കാരണമാകുമെന്നാണ് അമേരിക്കൻ വ്യോമയാന വ്യവസായം ആശങ്കപ്പെടുന്നത്. സിഗ്നലുകൾ തടസപ്പെടുമ്പോൾ ഓൾട്ടീമീറ്ററിൽ നിന്നുള്ള കണക്കുകളിൽ വ്യതിയാനമുണ്ടാകുമെന്നും ഇത് വിമാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും വിദഗ്ദ്ധർ ആശങ്ക രേഖപ്പെടുത്തുന്നു.