തേഞ്ഞിപ്പലത്തെ പോക്‌സോ കേസ് ഇരയുടെ മരണം; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്
മലപ്പുറം: തേഞ്ഞിപ്പലത്തെ പോക്‌സോ കേസ് ഇരയുടെ മരണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

ബന്ധുക്കൾ പീഡിപ്പിച്ച പെൺകുട്ടിയുടെ പരാതി ലഭിച്ച സമയത്ത് പോക്‌സോ കേസിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ പൊലീസ് പാലിച്ചില്ലെന്നാണ് പ്രധാന പരാതി. യൂനിഫോമിലുള്ള ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ പോയതുൾപ്പെടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവത്തോടെ പെൺകുട്ടിയുടെ കുടുംബം ഒറ്റപ്പെട്ടു. ആവശ്യമായ സുരക്ഷ നൽകിയില്ലെന്ന പെൺകുട്ടിയുടെ മാതാവിന്റെ പരാതി കൂടി വന്നതോടെയാണ് ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കോഴിക്കോട് കമ്മീഷണറോടും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും കമ്മീഷൻ ആവശ്യപെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നടപടിക്ക് ശിപാർശ ചെയ്യുമെന്ന് ബാലവകാശ കമ്മീഷൻ അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് തേഞ്ഞിപ്പലം സ്വദേശിയായ പതിനെട്ടുകാരി ആത്മഹത്യ ചെയ്തത്. ആറു മാസം മുമ്പ് ബന്ധുക്കളാൽ പിഡിപ്പിക്കപ്പെട്ടതിനെ തുടർന്നുണ്ടായ മാനസിക അസ്വാസ്ഥ്യവും ഒറ്റപ്പെടലുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.