പൊന്നാനി സബ് രജിസ്ട്രാർ ഓഫീസിൻ്റെ തകർച്ചയിൽ ജനം വലയുന്നു
പൊന്നാനി: പൊന്നാനി താലൂക്കിലെ പൊന്നാനി നഗരസഭ, മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട്, കാലടി, തവനൂർ പഞ്ചായത്ത് പരിധിയിലുള്ള ജനങ്ങൾ പൊന്നാനി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിൻ്റെ തകർച്ച കാരണം മാസങ്ങളായി ദുരിതമനുഭവിക്കുന്നു. വിവാഹ ആവശ്യങ്ങൾക്കും, മറ്റു വിവിധ ആവശ്യങ്ങൾക്കും വേണ്ടി ബാങ്ക് വായ്പ ലഭിക്കുന്നതിന് ആധാരത്തിൻ്റെയും, അടിയാധാരത്തിൻ്റയും പകർപ്പുകളും, മറ്റു ഭൂമിസംബന്ധമായ രേഖകളുടെ പകർപ്പുകളും നിരവധി മാസങ്ങളായി കെട്ടിട തകർച്ചയുടെ പേരിൽ ജനങ്ങൾക്ക് അനുവദിച്ച് നൽകുന്നില്ല. സബ് രജിസ്ട്രാർ ഓഫീസിൻ്റെ അറ്റകുറ്റപ്പണി നടത്തുകയോ, മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുകയോ ചെയ്ത് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രജിസ്ട്രാർ ഓഫീസിനു മുന്നിൽ നിൽപ് സമരം നടത്തി.
കെ പി സി സി മെമ്പർ അഡ്വ എ എം രോഹിത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് എം അബ്ദുൽലത്തീഫ് അധ്യക്ഷതവഹിച്ചു.എ പവിത്രകുമാർ, എം രാമനാഥൻ, ആസാദ്മാറഞ്ചേരി, അലികാസിം, കെ എസ് ഹിർസു എന്നിവർ പങ്കെടുത്തു സംസാരിച്ചു. ബക്കർമൂസ,ഫജറു പട്ടാണി, പി ടി ജലീൽ, കാവിമനാഫ്, ടി രാജ്കുമാർ, കെ മുഹമ്മദ് എന്നിവർ നിൽപ് സമരത്തിന് നേതൃത്വം നൽകി.