സെക്ടറല്‍ മജിസ്‌ട്രേറ്റ്; പഞ്ചായത്ത് ജീവനക്കാരെ ഒഴിവാക്കണം. കെ.പി.ഇ.ഒ.

മലപ്പുറം;കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ജീവനക്കാരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് മാരായി നിയമിക്കാനുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി എം.മജീദ് ഉല്‍ഘാടനം ചെയതു. ജില്ലാ പ്രസിഡന്റ് ഇബ്‌നു അബ്ദുല്‍ മലിക് അദ്ധ്യക്ഷത വഹിച്ചു.പി .വി നാസര്‍, പേമകുമാരന്‍ കോട്ടെപ്പാട്, അഹമ്മദ് ബാസിം, പി സക്കീര്‍ ഹുസൈന്‍ ,ഡി നൗഷാദ് നിലമ്പൂര്‍, സുകമാരന്‍ ആനക്കയം എന്നിവര്‍ പ്രസംഗിച്ചു.

നിലവില്‍ വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തിന്റെയും പതിനാലാം പദ്ധതി രൂപീകരണത്തിന്റെയും ജോലികളില്‍ മുഴുകിയിരിക്കുകയാണ് പഞ്ചാത്ത് ജീവനക്കാര്‍.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളും വാക്‌സിനേഷനുള്ള ആളുകളെ എത്തിക്കല്‍, വിവരശേഖരണം, ബോധവല്‍ക്കരണം, സി എഫ് എല്‍ ടി സി  നടത്തിപ്പ് തുടങ്ങിയ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഗ്രാമ പഞ്ചായത്തുകളാണ് ചെയ്യുന്നത്. ലൈഫ്, അതിദാരിദ്ര്യ സര്‍വ്വെ ,കുടുമ്പശ്രീ തിരഞ്ഞെടുപ്പ് തുടങ്ങിയ അടിയന്തിര പ്രാധാന്യമുള്ള ചുമതലകളും പഞ്ചായത്തുകള്‍ക്കാണ് .
 ഈ അധിക ചുമതല നിലവിലുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനും കാരണമായേക്കും.കെട്ടിട നിര്‍മാണ അനുമതി, നമ്പറിംഗ്, തൊഴിലുറപ്പ് പദ്ധതി വേതനം നല്‍കല്‍, പദ്ധതി രൂപീകരണം ,എല്ലാ തരത്തിലുമുള്ള ചിലവുക അംഗീകരിക്കല്‍, ക്ഷേമ പെന്‍ഷന്‍ അംഗീകാരം തുടങ്ങി സെക്രട്ടറി നേരിട്ട് ചെയ്യേണ്ട വിവിധ സോഫ്റ്റ് വെയറുകളുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് തടസ്സമുണ്ടാകുന്നതിനു സെക്ടറല്‍ മജിസ്‌ട്രേറ്റ് പദവി കാരണമാകുമെന്നും യോഗം  വിലയിരുത്തി.