കോവിഡ് വ്യാപനം: കാലിക്കട്ട് സർവകലാശാലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം
തേഞ്ഞിപ്പലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലാ ക്യാപസിൽ നിയന്ത്രണങ്ങളും ബോധവത്കരണവും. കർശനമാക്കാൻ തീരുമാനം വിദ്യാർഥികൾ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ സർവകലാശാല സന്ദർശിക്കുന്നത് ഒഴിവാക്കണം. പരമാവധി ഓണ്‍ലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണം. ശനിയാഴ്ച മുതൽ സർവകലാശാലാ പാർക്ക് പ്രവർത്തിക്കില്ല. അടുത്ത രണ്ട് ഞായറാഴ്ചകളിൽ സിഎച്ച്എംകെ ലൈബ്രറി തുറക്കില്ല. പരീക്ഷാഭവൻ അവശ്യസേവന മേഖലയായി നിലനിർത്തുന്നതിന്റെ ഭാഗമായി ജീവനക്കാർ ഷിഫ്റ്റടിസ്ഥാനത്തിൽ ജോലിക്കെത്തുന്ന കാര്യം ആലോചിക്കും.
ജീവനക്കാർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പുമായി ചേർന്ന് പ്രത്യേകം ക്യാന്പ് നടത്തുന്നത് പരിഗണിക്കും. കാന്പസ് പഠനവകുപ്പുകളിൽ ലാബ് ആവശ്യമില്ലാത്ത ക്ലാസുകൾ ഓണ്‍ലൈനാക്കുന്നതും പരിഗണനയിലാണ്.
രാത്രി ഒന്പതരക്ക് ശേഷം ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നവർ പ്രത്യേകം അനുവാദം വാങ്ങണം.മാസ്ക്, സാനിറ്റൈസർ ഉപയോഗം, കൂട്ടം ചേരലുകൾ ഒഴിവാക്കൽ എന്നിവയ്ക്കായി കോവിഡ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തും.വാക്സിൻ എടുക്കാൻ മടിക്കുന്നവർക്കായും ബോധവത്കരണം നടത്തും.
യോഗത്തിൽ വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജ് അധ്യക്ഷനായി.
പ്രൊ വൈസ് ചാൻസലർ ഡോ.എം.നാസർ, രജിസ്ട്രാർ ഡോ.ഇ.കെ. സതീഷ്, പരീക്ഷാ കണ്ട്രോളർ ഡോ.സി.സി.ബാബു, ഫിനാൻസ് ഓഫീസർ ജുഗൽ കിഷോർ, സെനറ്റംഗം വിനോദ് എൻ.നീക്കാംപുറത്ത്, ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.