പൊറൂരില്‍ വെറ്റിലകൊണ്ട് ബിരിയാണിയും
മലപ്പുറം: വെറ്റിലകൊണ്ട് ബിരിയാണിയുള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങളുണ്ടാക്കി തിരൂർ പൊറൂര്‍ എഎല്‍പിഎസ് വിദ്യാര്‍ഥികള്‍. സ്‌കൂള്‍ നഴ്‌സറിയില്‍ കുട്ടികള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിച്ച വെറ്റില തൈ വിതരണംചെയ്ത് ‘പുനര്‍ജനി’ ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കും തുടക്കമായി. മലയാള സര്‍വകലാശാല വിസി അനില്‍ വള്ളത്തോള്‍ ഉദ്ഘാടനംചെയ്തു. കെ വി ടി സമദ് അധ്യക്ഷനായി.
തിരൂര്‍ ജില്ലാ വിദ്യാഭാസ ഓഫീസര്‍ കെ പി രമേശ് കുമാര്‍ മുഖ്യാതിഥിയായി. ജില്ലാ ജൈവ വൈവിധ്യ കോ-ഓര്‍ഡിനേറ്റര്‍ ഹൈദ്രസ് കുട്ടി ക്ലാസെടുത്തു. തുടര്‍ന്ന് സ്‌കൂളിലെ ജൈവ വൈവിധ്യ ലൈബ്രറി ഉദ്ഘാടനവും നിര്‍വഹിച്ചു. തിരൂര്‍ എഇഒ ഇന്‍ ചാര്‍ജ് വി സൈനുദ്ദീന്‍ ‘പുനര്‍ജനി’ ഡിജിറ്റല്‍ പതിപ്പ് പ്രകാശിപ്പിച്ചു. വിപിന രവി, മുഹമ്മദ് അഷ്റഫ്, ആഫിയ, കെ എം നൗഫല്‍, വി ഹര്‍ഷ, ജൗഹറ എന്നിവര്‍ സംസാരിച്ചു.
കോ-ഓര്‍ഡിനേറ്റര്‍ സോഫിയ പദ്ധതി വിശദീകരിച്ചു. തുടര്‍ന്ന് വെറ്റിലകൊണ്ടുണ്ടാക്കിയ ബിരിയാണി, പായസം, കേക്ക് തുടങ്ങി അമ്പതോളം ഭക്ഷ്യവിഭവ പ്രദര്‍ശനവും വെറ്റില പാനീയ വിതരണവും നടന്നു. ജൈവ വൈവിധ്യ ക്ലബ് നേതൃത്വത്തിലാണ് പുനര്‍ജനി പദ്ധതി നടപ്പിലാക്കുന്നത്.