യു എ ഇയിൽ ഒരു മാസത്തേക്ക് ഡ്രോണുകൾക്ക് നിരോധനം

അബുദാബി: യു എ ഇയിൽ അടുത്ത ഒരു മാസത്തേക്ക് ഡ്രോൺ ഉപയോഗത്തിന് വിലക്ക്. കഴിഞ്ഞയാഴ്ച രണ്ട് ഇന്ത്യക്കാരുടെയും ഒരു പാകിസ്ഥാൻ പൗരന്റെയും മരണത്തിന് ഇടയാക്കിയ ഡ്രോൺ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് യു എ ഇ സർക്കാരിന്റെ തീരുമാനം. ഡ്രോണുകളുടെ ഉപയോഗം അടുത്ത ഒരു മാസത്തേക്ക് അടിയന്തര പ്രാബല്യത്തോടെ നിരോധിക്കുകയാണെന്നും ആരെങ്കിലും ഈ കാലയളവിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും യു എ ഇയുടെ ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിൽ പറയുന്നു.

Flying drone with stabilised camera

അബുദാബിയിൽ നടന്ന സ്ഫോടനത്തെ കുറിച്ച് ഉത്തരവിൽ പരാമ‌ർശിക്കുന്നില്ലെങ്കിലും അടുത്തിടെയായി ഡ്രോണുകൾ നിയമവിരുദ്ധ പ്രവ‌ർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് ഈ തീരുമാനം എടുക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ അധികൃതരിൽ നിന്ന് മുൻകൂർ അനുമതി എടുത്ത ശേഷം വേണമെങ്കിൽ ഡ്രോണുകൾ ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് യെമൻ തീവ്രവാദികൾ അബുദാബിയിലെ എണ്ണപ്പാടത്തും വിമാനത്താവളത്തിലും ഡ്രോൺ ആക്രമണം നടത്തിയത്. യെമൻ തീവ്രവാദികൾ സൗദി അറേബ്യയിൽ നിരന്തരം ആക്രമണങ്ങൾ നടത്താറുണ്ടെങ്കിലും ഇത് ആദ്യമായാണ് യു എ ഇയിൽ ഇവരുടെ ആക്രമണം ഉണ്ടാകുന്നത്.