ചങ്ങരംകുളത്ത് റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച സംഭവം; അഞ്ച് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ
മലപ്പുറം: ചങ്ങരംകുളം അസ്സബാഹ് കോളേജിൽ കഴിഞ്ഞ ദിവസം റാഗിങ്ങിന്റെ പേരിൽ അക്രമം നടത്തിയ സംഭവത്തിൽ 5 സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ. ചങ്ങരംകുളം പോലീസാണ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മർദ്ദനത്തിനിരയായ വിദ്യാർത്ഥിയുടെ പിതാവ് സംഭവത്തിൽ പോലീസിന് പരാതി നൽകിയിരുന്നു. വീഡിയോ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടത്തിയ വിദ്യാർത്ഥികളെ തിരിച്ചറിയുകയായിരുന്നു. ചങ്ങരംകുളം എസ്‌ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോളേജിന് സമീപത്തെ റോഡിൽ വെച്ചാണ് ആക്രമണമുണ്ടായത്.