വിനോദയാത്രയ്ക്കെത്തിയ യുവാവ് അണക്കെട്ടിൽ മുങ്ങിമരിച്ചു
മാനന്തവാടി: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ യുവാവ് മുങ്ങിമരിച്ചു. കൊടുവള്ളി സ്വദേശി റഷീദാ (28)ണ് മരിച്ചത്. വിനോദയാത്രക്ക് എത്തി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കവേയായിരുന്നു അപകടം.

ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ജില്ലയില്‍ അടഞ്ഞു കിടക്കുകയാണ്. ബാണാസുര സാഗറിലും ആളുകള്‍ക്ക് പ്രവേശനമില്ല. റിസര്‍വോയറിന്റെ മറ്റൊരു ഭാഗത്ത് ഇറങ്ങിയപ്പോഴാണ് അപകടം.

ഇന്നലെയാണ് ഇവര്‍ വിനോദയാത്രക്കായി എത്തിയത്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ കുളിക്കുന്നതിനിടയില്‍ ചെളിയില്‍ പെട്ട് വെള്ളത്തില്‍ താണുപോകുകയായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.