തിരൂരങ്ങാടി സ്വദേശിനി കെ വി റാബിയയെ തേടി പത്മശ്രീ പുരസ്‌കാരം

മലപ്പുറം: 2022ലെ പത്മ പുരസ്‌കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയ മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ കെ വി റാബിയക്ക് ഇത് അർഹതക്കുള്ള അംഗീകാരം. പോളിയോ ബാധിച്ചതിന് പിന്നാലെ കാൻസറും നട്ടെല്ലിനേറ്റ ക്ഷതവും, ജീവിതം തകർത്തെന്ന് കരുതിയർക്കു മുന്നിൽ ഫീനിക്സ് പക്ഷിപോലെയാണ് റാബിയ ഉയിർത്തെഴുന്നേൽപ്പ് നടത്തിയത്.

പരിമിതികളെ അതിജയിച്ചാണ് കഴിഞ്ഞ 3 പതിറ്റാണ്ട് കാലം വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക രംഗത്ത് സജീവമായിരുന്നത്. അശരണരുടെ സാമൂഹിക നീതിക്ക് വേണ്ടി ഭീഷണികളെ പോലും വകവെക്കാതെ പൊരുതിയാണ് കെ വി റാബിയ സമൂഹത്തിന് മാതൃകയായത്. കാലിക്കറ്റ്, മലയാളം യൂണിവേഴ്സിറ്റികളിലെ പി.ജി. പഠനത്തിന് കെ.വി റാബിയയുടെ ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ എന്ന പുസ്തകം പാഠ്യവിഷയമാണ്. ഇന്ത്യയുടെ പ്രഥമ സ്ത്രീ ശാക്തീകരണ പുരസ്‌കാര ജേതാവ് കൂടിയാണ് കെ.വി.റാബിയ.

അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് പൊതുരംഗത്ത് ഇവർ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിച്ചു. തുടർന്ന് വീൽചെയറിലായിരുന്നു ഇവരുടെ ജീവിതം. പക്ഷേ പ്രതിസന്ധികളിൽ തളരാതെ സാക്ഷരതാ പ്രവർത്തനങ്ങളിലും, സാമൂഹ്യ പ്രവർത്തനങ്ങളിലും തന്റേതായ പാത റാബിയ വെട്ടിതുറന്നു.

1990ലാണ് റാബിയ സാക്ഷതരതാ പ്രവർത്തനങ്ങളിൽ ആകൃഷ്ടയാകുന്നത്. കേരള സർക്കാരിന്റെ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി അവർ തന്റെ രീതിയിൽ തിരൂരങ്ങാടിയിൽ മുതിർന്നവർക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആറു മാസത്തിനകം തന്നെ റാബിയയുടെ ക്ലാസിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. തുടർന്ന് സംസ്ഥാന സർക്കാരടക്കം ഇവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി.

1993-ൽ നാഷണൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, യു.എൻ ഇന്റർനാഷണൽ അവാർഡ്, മുരിമഠത്തൽ ബാവ അവാർഡ് (മലങ്കര ഓർത്തഡോക്സ് സഭ നൽകിയത്), സീതി സാഹിബ് സ്മാരക അവാർഡ്(2010) [4] കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം (1999), 2014ൽ സംസ്ഥാന സർക്കാറിന്റെ ‘വനിതാരത്‌നം’ അവാർഡ് എന്നിവയാണ് റാബിയ സ്വന്തമാക്കിയ പ്രധാന പുരസ്‌ക്കാരങ്ങൾ.

ഈ കാലത്തിനിടയിൽ കടന്നു വന്ന ക്യാൻസറിനേയും തോൽപിച്ചാണ് റാബിയ സാമൂഹ്യ പ്രവർത്തനത്തിൽ സജീവമായത്. റാബിയയുടെ ആത്മകഥയാണ് ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ എന്ന കൃതി.