തേഞ്ഞിപ്പലം പോക്‌സോ കേസ്; കൂടുതല്‍ പേരെ ചോദ്യം ചെയ്യും, ഫോണുകള്‍ പരിശോധിക്കും

മലപ്പുറം: തേഞ്ഞിപ്പലം പോക്‌സോ കേസില്‍ പൊലീസ് കൂടുതല്‍പേരെ ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയുടെയും പ്രതിശ്രുത വരന്റെയും മൊഴിയെടുക്കും. ഫോണ്‍ പരിശോധിക്കുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകള്‍ സൈബര്‍ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്.

തേഞ്ഞിപ്പലം പോക്‌സോ കേസ് അന്വേഷിച്ച ഫറോക്ക് പൊലീസിനെതിരെ പരാതിയുമായി യുവാവ് രംഗത്തുവന്നു. പെണ്‍കുട്ടിയുടെ പീഡന പരാതി പറയാന്‍ സഹായിച്ചതിന് പൊലീസ് മര്‍ദിച്ചതായി പ്രതിശ്രുത വരന്‍. പെണ്‍കുട്ടിയെയും തന്നേയും മോശക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. മനുഷ്യാവകാശ കമ്മിഷന് യുവാവ് നല്‍കിയ പരാതിയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് സി ഐ അലവി ഭീഷണിപ്പെടുത്തിയെന്ന് യുവാവ് വ്യക്തമാക്കി. പരാതിയെപ്പറ്റി പൊലീസിനോടന്വേഷിച്ച സാമൂഹിക പ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്നും മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയില്‍ പറയുന്നു .

17 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രണ്ടു വര്‍ഷം മുമ്പാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്.