കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ഇന്ന് റിപ്പബ്ലിക് ദിനാഘോഷം

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ രാവിലെ 9ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങളുടെയും എൻ.സി.സിയുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകും. വായു സേനാ ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ആഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കി പൊതുഭരണവകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ക്ഷണിക്കപ്പെട്ടവരുടെ എണ്ണം നൂറിൽ കൂടരുതെന്ന് സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ രാവിലെ ഒമ്പതിന് ശേഷം നടക്കുന്ന ചടങ്ങിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും. പരമാവധി അമ്പത് പേർക്ക് പങ്കെടുക്കാം. സബ് ഡിവിഷണൽ, ബ്ലോക്ക് തലത്തിൽ നടക്കുന്ന പരിപാടിയിലും ക്ഷണിതാക്കളുടെ എണ്ണം 50 ആയിരിക്കും. പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലത്തിലെ പരിപാടിക്ക് 25 പേർ. സർക്കാർ സ്ഥാപനങ്ങളിലും മറ്റ് ഓഫീസുകളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുമ്പോഴും 25 പേരിൽ അധികരിക്കരുത്. ആഘോഷ പരിപാടികളിൽ പൊതുജനങ്ങൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രവേശനമുണ്ടാകില്ല. പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ തെർമൽ സ്‌കാൻ ചെയ്യും.