വേങ്ങര ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം ലഭ്യമാക്കണം : പി.കെ.കുഞ്ഞാലിക്കുട്ടി

വേങ്ങര: നിയോജക മണ്ഡലത്തിലെ
എ.ആർ നഗർ ഗ്രാമ പഞ്ചായത്തിലെ കുന്നുംപുറത്ത് 2015 -ൽ അനുമതിയായ വേങ്ങര ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിന് കൊളപ്പുറം- തിരൂരങ്ങാടി റോഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ റീ.സ നമ്പർ 311 – ൽ ഉൾപ്പെട്ട 40 സെന്റ് ഭൂമി ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. ആവശ്യപ്പെട്ടു.

നേരത്തെ ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിന് എ.ആർ നഗർ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള
കുന്നുംപുറം പി.എച്ച്.സി കോമ്പൗണ്ടിൽ 25 സെന്റ് സ്ഥലം അനുവദിച്ച് കൊണ്ട് 2016 ഫെബ്രുവരിയിൽ ഉത്തരവായതാണ്.
എന്നാൽ കുന്നുംപുറം പി. എച്ച്. സി യെ സി.എച്ച്.സിയാക്കി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ പി.എച്ച്.സി കോമ്പൗണ്ടിൽ ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിനുള്ള പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
തുടർന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് ശ്രമം തുടങ്ങിയതാണ്.
ഫയർ സ്റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിനും, ആവശ്യമായ സ്റ്റാഫിനെ അനുവദിച്ചും 2016 ജനുവരിയിൽ തന്നെ സർക്കാർ ഉത്തരവായിട്ടുണ്ട്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ വേങ്ങര, കോട്ടക്കൽ, തിരൂരങ്ങാടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കൊണ്ടോട്ടി, കാലിക്കറ്റ് എയർപ്പോർട്ട് തുടങ്ങിയ പ്രദേശങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വളരെയേറെ സഹായകമാകുന്നതാണ് നിർദ്ദിഷ്ട ഫയർ സ്റ്റേഷൻ.
നിലവിൽ കൊളപ്പുറം ഭാഗത്ത് ദേശീയ പാതയോട് ചേർന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം ലഭ്യമാക്കുന്നപക്ഷം ഫയർ സ്റ്റേഷൻ നിർമ്മാണം ആരംഭിക്കാൻ സാധിക്കും.
പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി വേണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു .