തിരൂരിൽ മദ്രസ അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയെ പുറത്താക്കി; ചൈൽഡ് ലൈൻ ഇടപെട്ടതോടെ അദ്ധ്യാപകന് എതിരെ കേസ്
തിരൂർ: മദ്രസാധ്യാപകൻ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിപ്പെട്ട വിദ്യാർത്ഥിയെ മദ്രസയിൽ നിന്നും പുറത്താക്കി. വിഷയം മദ്രസാ കമ്മിറ്റിയിൽ ഉന്നയിച്ച കുട്ടിയുടെ ബന്ധുവിനെ കമ്മിറ്റി നിന്നും പുറത്താക്കി. അവസാനം വിഷയത്തിൽ പൊലീസ് കേസെടുത്തത് ചൈൽഡ് ലൈൻ ഇടപെട്ടതോടെ.

വിദ്യാർത്ഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ മദ്റസാ അദ്ധ്യാപകനെതിരെ തിരൂർ പൊലീസ് ഇന്ന് കേസെടുത്തു. തിരൂർ പയ്യനങ്ങാടിയിലെ മദ്റസയിൽ അദ്ധ്യാപകനായിരുന്ന ഹംസ മദനി(55)ക്കെതിരെയാണ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. 12, 15 വയസ്സുള്ള രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് കേസ്്.
മദ്റസയിൽ പോകാൻ അനിഷ്ടം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ചോദ്യം ചെയ്തപ്പോഴാണ് അദ്ധ്യാപകൻ ലൈംഗികാതിക്രമത്തിനിരയാക്കിയ വിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ അദ്ധ്യാപകനെ ചോദ്യം ചെയ്തതോടെ വിദ്യാർത്ഥിയെ മദ്റസയിൽ നിന്ന് പുറത്താക്കി. വിഷയം മദ്റസാ കമ്മിറ്റിയിൽ ഉന്നയിച്ച കുട്ടിയുടെ ബന്ധുവിനെ കമ്മിറ്റി ഭാരവാഹിത്വത്തിൽ നിന്ന് നീക്കുകയും ചെയ്തു.
തുടർന്ന് ബന്ധുക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. മദ്‌റസാ കമ്മിറ്റിക്കെതിരെ കേസെടുക്കാനും ചൈൽഡ് ലൈൻ നിർദ്ദേശം നൽകി. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.