തിരൂർ പൊറ്റിലത്തറയിലെ അടച്ചു പൂട്ടിയ ഗ്യാസ് ക്രിമിറ്റോറിയം തുറന്നുകൊടുക്കാത്തതിലും നഗരസഭാ സ്റ്റേഡിയത്തിൻ്റെ തകർച്ചയിലും പ്രതിഷേധിച്ച് സി പി ഐ എം നഗരസഭാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

തിരൂർ: തിരൂർ പൊറ്റിലത്തറയിലെ അടച്ചു പൂട്ടിയ ഗ്യാസ് ക്രിമിറ്റോറിയം തുറന്നുകൊടുക്കാത്തതിലും നഗരസഭാ സ്റ്റേഡിയത്തിൻ്റെ തകർച്ചയിലും തിരൂർ നഗരസഭ ഭരണ സമിതി കാണിക്കുന്ന അനാസ്ഥയിലും കെടുകാര്യസ്ഥതയിലും അഴിമതിയിലും .പ്രതിഷേധിച്ച് സി പി ഐ എം നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

തിരൂർ പൊറ്റിലത്തറയിലെ ഗ്യാസ് ക്രിമിറ്റോറിയം കഴിഞ്ഞ ഒരു മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. കുറഞ്ഞ ചിലവിൽ ശവസംസ്കാരം നടത്താൻ കഴിഞ്ഞ ക്രിമിറ്റോറിയം അറ്റകുറ്റപണി നടത്താൻ അധികൃതർ ഒരു നടപടിയും എടുക്കാത്തതിനാൽ വൻ തുക ചെലവഴിച്ച് പാലക്കാടും ഷൊർണൂരും കൊണ്ട് പോയി ശവസംസ്കാരം നടത്തേണ്ട സ്ഥിതിയിലാണ് തിരൂരുകാർ. ആറ് മാസം മുമ്പ് തന്നെ ക്രിമിറ്റോറിയം പരിപാലിക്കുന്ന ജീവനക്കാർ ഇക്കാര്യം നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.എന്നാൽ അധികൃതർ വിഷയം ഗൗനിക്കാത്തതിനാൽ ക്രിമിറ്റോറിയം പൂർണ്ണമായും കേടുപാടുകൾ സംഭവിക്കുകയായിരുന്നു. ഇതോടെയാണ് കഴിഞ്ഞ ഡിസംബർ 15ന് ക്രിമിറ്റോറിയം അടച്ചു പൂട്ടിയത്.

മാത്രമല്ല കായിക പ്രേമികളുടെ പ്രധാന ആശ്രയ കേന്ദ്രമായ
നഗരസഭാ സ്റ്റേഡിയം നവീകരിക്കാത്തതിനാൽ പൂർണ്ണമായും . തകർന്നു കിടക്കുകയാണ്. കോടികൾ ചിലവഴിച്ച് നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് പൊളിയുകയും പുല്ലുകൾ കരിഞ്ഞുണങ്ങിയിരിക്കുകയാണ്.സംസ്ഥാന സർക്കാരും തിരൂരുകാരനായ മന്ത്രി വി അബ്ദുറഹിമാനും 10 കോടി രൂപ സ്റ്റേഡിയം നവീകരണത്തിന് അനുവദിച്ചെങ്കിലും നഗരസഭാ ഇതിന് അനുമതി നൽകാൻ തയ്യാറായിട്ടില്ല.

തിരൂർ മാർക്കറ്റ് അടക്കമുള്ള നഗരസഭാ പരിധിയിലെ നീക്കം ചെയ്യുന്ന തെക്കുമുറി ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങൾക്ക് തുടരെ തുടരെ തീ പിടിക്കുകയാണ്. കഴിഞ്ഞ ആഴ്ച രണ്ട് തവണയാണ് മാലിന്യങ്ങൾക്ക് തീപിടിച്ചത്. മാലിന്യ കൂമ്പാരത്തിന് തീപിടിക്കുന്നത് മൂലം കടുത്ത പുകപടലം പ്രദേശമാക്കെ പടർന്ന് പ്രദേശവാസികൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുകയാണ്. മാലിന്യങ്ങൾക്ക് മനപൂർവ്വം തീയിട്ട് മാലിന്യത്തിൻ്റെ അളവ് കുറക്കുകയാണെന്ന സംശയം നാട്ടുകാക്കുമുണ്ട്.
കോവിഡ് ആർ ആർ ടി അംഗങ്ങൾക്കുള്ള അലവൻസിൻ്റ മറപിടിച്ച് ലീഗ് യൂത്ത് ലീഗ് പ്രവർത്തകർക്ക് 10 ലക്ഷത്തിലേറെ രൂപയാണ് നഗരസഭ നൽകിയത്. ഇതിന് അഴിമതി പുറത്തു വന്നിട്ടും വിശദീകരണം നൽകാൻ പോലും നഗരസഭാ അധികൃതർ തയ്യാറായിട്ടില്ല.

നഗരസഭാ യു ഡി എഫ് ഭരണസമിതി കാണിക്കുന്ന കെടുകാര്യസ്ഥതയിലും ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയില്യം പ്രതിഷേധിച്ചാണ് സി പി ഐ എം തിരൂർ നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫിസിനു മുന്നിൽ ധർണ്ണ സമരം നടത്തിയത്. സമരം സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. ഗഫൂർ പി ലില്ലീസ് അധ്യക്ഷനായി. നഗരസഭാ കൗൺസിലർമാരായ കെ അനിത, മിർഷാദ് പാറയിൽ, എസ് ഷബീറലി, സി പി എം ഏരിയാ കമ്മിറ്റി അംഗം പി പി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.ടി ദിനേശ് കുമാർ സ്വാഗതം പറഞ്ഞു. ധർണ്ണക്ക് സി നജീമുദ്ദീൻ, സരോജാ ദേവി, സീനത്ത് റഹ്മാൻ, സീതാലക്ഷ്മി, എൻ നാജിറാഅഷറഫ്, എൻ കെ തങ്കം, വി ഗോവിന്ദൻ കുട്ടി, റഹീം മേച്ചേരി എന്നിവർ നേതൃത്വം നൽകി